08 July Wednesday
7 പേർക്ക്‌ കോവിഡ്‌

ജില്ലയിൽ വീണ്ടും കോവിഡ്‌ മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
തിരുവനന്തപുരം
രണ്ടുമാസത്തിനുശേഷം തലസ്ഥാനജില്ലയിൽ വീണ്ടും കോവിഡ്‌ മരണം. ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. മാർച്ച്‌ 31ന്‌ പോത്തൻകോട്‌ സ്വദേശി അബ്‌ദുൾ അസീസാണ്‌ മരിച്ചത്‌‌. ചൊവ്വാഴ്‌ച മരിച്ച നാലാഞ്ചിറ ബനഡിക്ട് നഗർ കൊപ്പാരഴികത്തുവീട്ടിൽ ഫാ. കെ ജി വർഗീസിന്‌ രോഗം വന്നത്‌ എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
 
ഫാ. കെ ജി വർഗീസ്‌ ഏപ്രിൽ 20ന്‌ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റിരുന്നു. ബോധരഹിതനായ അദ്ദേഹത്തെ നാട്ടുകാരാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്‌. അന്ന്‌ നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മെയ്‌ 20 നാണ്‌ അദ്ദേഹത്തെ പേരൂർക്കട ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി‌. മെയ്‌ 30-ന് പനിയും ശ്വാസതടസവും ഉണ്ടായതോടെ വീണ്ടും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്‌ ന്യൂമോണിയയും ബാധിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.
 
നിരവധിപേർ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയതായി സൂചനയുണ്ട്. അപകടമുണ്ടായപ്പോൾ സഹായിച്ചവർ മുതൽ ചികിത്സിച്ച ആരോഗ്യപ്രവർത്തകർവരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടും. സെക്രട്ടറിയേറ്റിൽനിന്ന്‌ അണ്ടർസെക്രട്ടറിയായി വിരമിച്ചയാളാണ്‌ ഫാ. കെ ജി വർഗീസ്‌. ഭാര്യ: മറിയാമ്മ വർഗീസ്, മകൻ: ബിജി വർഗീസ്, മകൾ : ബിനു വർഗീസ്‌. ചൊവ്വാഴ്ച ഏഴുപേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. മരിയനാട് സ്വദേശി (35), കല്ലറ സ്വദേശി (48), ആറ്റിങ്ങൽ സ്വദേശി (39), വള്ളക്കടവ് സ്വദേശി (45), വെഞ്ഞാറമൂട് സ്വദേശി (53), പുത്തൻതോപ്പ് സ്വദേശിനി (38), മരിച്ച നാലാഞ്ചിറ സ്വദേശി (77) എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രണ്ടുപേർക്ക്‌ രോഗം ഭേദമായി. 
 
ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്തുനിന്നു വന്നവരാണ്‌. നാലു പേർക്ക് രോഗലക്ഷണം ഉണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടു പേർ സർക്കാർ നിരീക്ഷണകേന്ദ്രത്തിലായിരുന്നു.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5‌4 ആയി. ഇതിൽ തമിഴ്‌നാട്‌, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം സ്വദേശികളായ ഓരോരുത്തരുമുണ്ട്‌. 
നിരീക്ഷണത്തിൽ 
12,034 പേർ 
ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്‌ -12,034 പേരാണ്‌. ഇതിൽ -10,141 പേർ വീടുകളിലും 144 പേർ ആശുപത്രികളിലും 1749 പേർ കോവിഡ് കെയർ സെന്ററുകളിലുമാണുള്ളത്‌. ചൊവ്വാഴ്ച 842 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. 
430 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 22 പേരെ ചൊവ്വാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 381 സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചു. ലഭിച്ച 140 ഫലം നെഗറ്റീവാണ്. 2086 വാഹനത്തിലായി -3923 പേരെ പരിശോധിച്ചു. 
 
ഇഞ്ചിവിള വഴി71 പേരെത്തി
ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ 71 പേർ ചൊവ്വാഴ്ച സംസ്ഥാനത്തെത്തി. 43 പുരുഷന്മാരും 28 സ്‌ത്രീകളും. 44 പേരും തിരുവനന്തപുരം ജില്ലക്കാരാണ്‌. തമിഴ്‌നാട്ടിൽനിന്നുള്ള 62 പേരും ആന്ധ്രപ്രദേശ്‌, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ വീതവും പഞ്ചാബിൽനിന്ന്‌ ഒരാളുമാണ്‌ എത്തിയത്‌. റെഡ്‌സോണിൽനിന്നു വന്ന 10 പേരെ വീട്ടിൽ നിരീക്ഷണത്തിനയച്ചു.
 
31 പേർക്കെതിരെ കേസെടുത്തു
ജില്ലയിൽ അടച്ചുപൂട്ടൽ ലംഘിച്ച 31 പേർക്കെതിരെ ചൊവ്വാഴ്ച കേസെടുത്തു. 21 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 254 പേർക്കെതിരെയും കേസെടുത്തു.
പ്രധാന വാർത്തകൾ
 Top