02 July Thursday

മഴ കനത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

കനത്ത മഴയിൽ വെള്ളക്കെട്ടിലായ കിള്ളിപ്പാലം‐അട്ടക്കുളങ്ങര റോഡ്‌

തിരുവനന്തപുരം
കാലവർഷം എത്തിയതോടെ ജില്ലയിൽ  മഴ കനത്തു. തിങ്കളാഴ്‌ച രാത്രിമുതൽ ഇടവിട്ട്‌ പെയ്ത മഴ ചൊവ്വാഴ്‌ചയോടെ ശക്തിപ്രാപിച്ചു. ചൊവ്വാഴ്‌ച പകൽ ശക്തമായ മഴയാണ്‌ ജില്ലയിൽ പരക്കെ ലഭിച്ചത്‌. നഗരപരിധിയിൽ 11 നാശനഷ്‌ടക്കേസ്‌ റിപ്പോർട്ട്‌ ചെയ്തു. വിവിധയിടങ്ങളിൽ മതിലുകൾ തകർന്നു. മെഡിക്കൽ കോളേജ്‌ ക്വാർട്ടേഴ്‌സിനു സമീപം മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 
 
 
കഴക്കൂട്ടം
ഗാന്ധിപുരം ബദനി ലെയ്‌നിൽ മുഹമ്മദ് റാഫിയുടെ വീടിന് മുകളിലൂടെ സമീപത്തുനിന്ന മാവും തെങ്ങും വീണു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു. സംഭവം. ആർക്കും പരിക്കില്ല. കഴക്കൂട്ടം ഫയർഫോഴ്സ്‌ എത്തി വീടിന് മുകളിൽ കിടന്ന മരം മുറിച്ചുമാറ്റി. പൗഡിക്കോണം മലപ്പരിക്കോണം കുളത്തിങ്കര വീട്ടിൽ വിജയപ്പൻനായരുടെ ഇരുനില വീട്ടിന് സമീപമുള്ള 30 അടിയോളം പൊക്കത്തിലുള്ള കോൺക്രീറ്റ് മതിൽ വീട്ടിലേക്ക്‌ പതിച്ചു. ഇന്ദിരാഗാന്ധിനഗറിൽ മണിവസന്തത്തിൽ വസന്തകുമാരിയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് അടുക്കള ഭാഗം തകർന്നു.ചാവടിമുക്കിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകളുടെ ഷീറ്റ് പറന്നു. 
 
ആര്യനാട്
ആര്യനാട് കൊക്കോട്ടേലയിൽ ദീപക്കിന്റെ വീട്‌ തകർന്നു. അടുക്കളഭാഗം പൂർണമായി തകർന്നു വീണു. രാത്രി എട്ടോടെയായിരുന്നു  അപകടം. ദീപക്കിന്റെ ഭാര്യയും മക്കളും വീടിനുള്ളിലുണ്ടായിരുന്നു.
നെടുമങ്ങാട് 
കനത്തമഴയിൽ നെടുമങ്ങാട്ട്‌ നിരവധി വീട്‌ തകര്‍ന്നു. മഞ്ച ടിഎച്ച്എസിനു സമീപം മുരളിയുടെ വീട് തകര്‍ന്ന് മുരളിക്ക്‌ പരിക്കേറ്റു. വീടിന്റെ മേല്‍ക്കൂരയും ചുമരുകളുമാണ് തകര്‍ന്നത്. മുരളിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. പത്താംകല്ലില്‍ കരിങ്കൽ ഭിത്തി തകർന്നുവീണ്  നസീറിന്റെ വീടിനു നാശമുണ്ടായി. വീടിനു സമീപത്തെ ഫാത്തിമ കിന്റർ ഗാർഡന്റെ കരിങ്കൽ ഭിത്തിയാണ് തകർന്നു വീണത്. കരിങ്കല്ല്‌ വീടിന്റെ ഒന്നാം നിലയിലേക്ക് പതിക്കുകയായിരുന്നു. മൂന്നാനക്കുഴിയില്‍ മൂന്നോളം വീട്‌ അപകടത്തിൽപ്പെട്ടു. പള്ളിച്ചലിൽ വീടുകൾ അപകടഭീഷണിയിൽ
 
ബാലരാമപുരം
കനത്ത മഴയിൽ പള്ളിച്ചൽ പഞ്ചായത്തിലെ ഭഗവതിനട, വെടിവച്ചാൻകോവിൽ, മൈങ്കല്ലിയൂർ, മുടവൂർപ്പാറ പ്രദേശത്തെ വീടുകൾ അപകട ഭീഷണിയിൽ. ഭഗവതിനട പാൽസൊസൈറ്റിക്ക് സമീപത്തെ വീട്ടുമതിൽ പൂർണമായും തകർന്നു. വെടിവച്ചാൻകോവിൽ മൈങ്കല്ലിയൂർ ഭാഗത്ത്‌ കനാൽ ബണ്ട് പൊളിഞ്ഞതോടെ സമീപത്തെ സതികുമാരിയുടെ വീട് അപകട ഭീഷണിയിലാണ്‌.  
മൈങ്കല്ലിയൂർ താഴത്തുവീട്ടിൽ ശ്രീകുമാരിയുടെ വീടിന്റെ ഒരുഭാഗം തകർന്നു. മുടവൂർപ്പാറ ദിലീപ്റോഡിൽ സി വി ബിനുവിന്റെ വീട്ടിൽ വെള്ളം കയറി. കിണർ പൂർണമായും തകർന്നു. വില്ലേജ് ഓഫീസർ അൽബി ജോർജ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ അനിൽ, ശൈലേന്ദ്രൻ എന്നിവരെത്തി. 
 
പ്രധാന വാർത്തകൾ
 Top