30 March Thursday
പരിശോധനയില്ലാതെ ഹെൽത്ത്‌ കാർഡ്‌

ജനറൽ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖികUpdated: Friday Feb 3, 2023
തിരുവനന്തപുരം 
ഹോട്ടൽ ജീവനക്കാർക്ക്‌ ഹെൽത്ത് കാർഡിനായുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്‌, പരിശോധന കൂടാതെ ഒപ്പിട്ടുനൽകിയ ജനറൽ ആശുപത്രി ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജൻ ഡോ. വി അമിത്‌കുമാർ അടക്കം മൂന്നു ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. 
 
ആർഎംഒയ്ക്ക്‌ പുറമെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഐഷ എസ് ഗോവിന്ദ്, ഡോ. വിൻസ എസ് വിൻസെന്റ് എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്തത്‌. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. 
 
ഹോട്ടൽ ജീവനക്കാരെ ഡോക്ടർമാരുടെ അടുത്തെത്തിച്ച ജനറൽ ആശുപത്രിയിലെ പാർക്കിങ് ഫീസ് പിരിക്കുന്ന അനിൽ എന്നയാളെ  സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി  അധികൃതർ അറിയിച്ചു.   
പരിശോധനകൾ നടത്തുകയോ ഫലം നോക്കുകയോ പോലും ചെയ്യാതെ പണം വാങ്ങിയാണ്‌ ഒപ്പിട്ടുനൽകിയത്‌. ഇങ്ങനെ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 
ഇനിയും പരാതികൾ  ഉയർന്നാൽ കർശന നടപടി സ്വീകരിക്കാനാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
 

ഡോക്ടർമാരുടേത്‌ ക്രിമിനൽ കുറ്റം: മന്ത്രി

തിരുവനന്തപുരം
ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തുന്നതിന്‌ സമാനമായ ക്രിമിനൽ കുറ്റമാണ്‌ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡോക്ടർമാരുടെ നടപടിയെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌. 
   ഇത്തരം വ്യാജസർട്ടിഫിക്കറ്റുകൾ പണംവാങ്ങി നൽകുന്ന ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒയെ സസ്‌പെൻഡ്‌ ചെയ്തു. മറ്റു രണ്ടുപേർക്ക്‌ എതിരെയും നടപടിയുണ്ടാകും. തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
 
    സമൂഹത്തോട്‌ അവർ ചെയ്യുന്ന ഗുരുതരമായ തെറ്റാണ്‌ ഇത്‌. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കുന്നതാണ്‌ ഡോക്ടർമാരുടെ ഇത്തരം നടപടികൾ. വ്യാജസർട്ടിഫിക്കറ്റുകൾ എവിടെ വിതരണംചെയ്താലും പരാതി നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.  
 
   ഒപി ടിക്കറ്റ്‌ എടുത്ത്‌ ഡോക്ടറെ കണ്ട്‌ ശാരീരിക പരിശോധനയും രക്തപരിശോധനയുമടക്കം ചെയ്തുവേണം മെഡിക്കൽ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ എടുക്കാൻ. നിയമം ഇങ്ങനെയാണ്‌ എന്നിരിക്കെ പരിശോധനയ്‌ക്ക്‌ എത്തുന്നയാളുടെ മുഖംപോലും നോക്കാതെയുള്ള സർട്ടിഫിക്കറ്റ്‌ വിതരണം നടപടിയെടുക്കേണ്ട വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. 
 
   നിലവിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാൻ 15 വരെ അവസരമുണ്ട്‌. സാവകാശം നൽകിയശേഷവും ഹെൽത്ത്‌ കാർഡ്‌ എടുക്കാത്തവർക്കെതിരെയും അവർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയും 16 മുതൽ നടപടി സ്വീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top