കഴക്കൂട്ടം
നിത്യേന ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് വിശ്വസിക്കാനാണ് നമ്മൾക്ക് ഇഷ്‌ടം. എന്നാൽ ശാസ്‌ത്രീയമായി ഇവ കണ്ടെത്താനായാലോ? ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാര്യവട്ടത്തെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോർസ് സോഫ്റ്റവെയർ (ഐസിഎഫ്‌ഒഎസ്‌എസ്) എന്ന ഐസിഫോസ്.
വാട്ടർ പൊല്യൂഷൻ ഇൻഡിക്കേറ്റർ (ജല മലിനീകരണ സൂചകം) ഉപകരണമാണ് ഐസിഫോസ് തയ്യാറാക്കിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഉപകരണം ജലസംഭരണിയിലോ വെള്ള സ്രോതസ്സുകളിലോ നിക്ഷേപിക്കും. ഇതിലെ സെൻസറുകൾ വഴി ഓക്‌സിജന്റെ അളവ്, പിഎച്ച് വാല്യു തുടങ്ങിയവ രേഖപ്പെടുത്തും. ഇവ തൊട്ടടുത്തുള്ള സ്വീകരണ ടവറുകളിലേക്ക് സിഗ്നലുകളായി വിവരങ്ങൾ നൽകും. തുടർന്ന് കൺട്രോൾ സ്റ്റേഷനുകളിൽ ഇരുന്ന് ഇവ പഠനവിധേയമാക്കും.
ഭാരം കുറഞ്ഞതും ലളിതവുമായ ഉപകരണമാണിത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുന്ന വിധം ജല മലിനീകരണ സൂചകം നവീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രോഗ്രാം ഹെഡ് ഡോ. ആർ ആർ രാജീവിന്റെ നേതൃത്വത്തിൽ ആർ ശ്രീനിവാസനും സംഘവുമാണ് ഇവ വികസിപ്പിച്ചത്. വ്യാപകമായ ഉപയോഗത്തിനായുള്ള ഗവേഷണങ്ങളും വികസന പ്രവർത്തനങ്ങളും നടന്നുവരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..