തിരുവനന്തപുരം
ബിഎസ്‌എൻഎൽ എൻജിനിയറിങ് സംഘത്തിലെ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസമാണ് സംഘം സെക്രട്ടറിയായ കെ വി പ്രദീപ്‌കുമാറിനെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് കോടതി (നാല്)യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ഡിവൈഎസ്‌പി സജാദിന്റെ നേതൃത്വത്തിൽ പ്രദീപിനെ വ്യാഴാഴ്‌ച ചോദ്യം ചെയ്‌തു. ഇയാൾ അഴിമതിക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മറ്റ് രണ്ട് പ്രതികളായ സംഘം പ്രസിഡന്റ് ഗോപിനാഥൻ, ക്ലർക്ക് രാജീവ് എന്നിവർ ഒളിവിലാണ്. തട്ടിപ്പിൽ കൂടുതലാളുകൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രദീപിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ പരിശോധനയിലാണ് നിക്ഷേപത്തട്ടിപ്പ് അടക്കം കണ്ടെത്തിയത്. ബിഎസ്‌എൻഎല്ലിൽ ജോലി ചെയ്‌തവരും പുറമേ നിന്നുള്ളവരുമായി നിരവധിയാളുകളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിച്ചുവെന്നാണ് പരാതി.
പ്രതികളുടെ വസ്‌തുവകകളുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് അധികാരികൾക്കും കോടതിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..