12 September Thursday
കേരളീയത്തിന്റെ ഭാഗമായി പുഷ്‌പോത്സവം

നഗരത്തിൽ നവംബറിൽ
പൂക്കാലം

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023
 
തിരുവനന്തപുരം
നഗരത്തിൽ ഇത്തവണ നവംബറിലും പൂക്കാലം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം ആഘോഷങ്ങളുടെ ഭാഗമായി ആറുവേദിയിലായി പുഷ്‌പോത്സവം സംഘടിപ്പിക്കും. 
സെൻട്രൽ സ്‌റ്റേഡിയം, ഇ കെ നായനാർ പാർക്ക്, കനകക്കുന്ന്, അയ്യൻകാളി ഹാൾ, എൽഎംഎസ് കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്‌പോത്സവം. 
നഗരത്തിലെ ഏഴു പ്രധാനകേന്ദ്രത്തിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഫ്‌ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ കെ നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലുണ്ടാകും. എൽഎംഎസ് കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും.
കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്‌ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി ഏഴിടത്ത്‌ പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭങ്ങൾ സ്ഥാപിക്കും. ബോൺസായ് ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രത്യേകപ്രദർശനം മേളയിൽ ഒരുക്കും. കാർഷിക സർവകലാശാല, ഹോൾട്ടികൾച്ചർ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടാകും. പച്ചക്കറികളും പൂക്കളും ഒരുക്കുന്ന മത്സരങ്ങൾ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും. വ്യക്തികൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, നഴ്‌സറി ഗാർഡനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രദർശന- വിൽപ്പന സ്റ്റാളുകളും മേളയിലുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top