21 October Monday
കരുത്തേകാൻ നാടൊരുങ്ങി

കരുത്തേകാൻ നാടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

മണമ്പൂർ കല്ലമ്പലം ജങ്‌ഷനിൽ നടന്ന കൊട്ടിക്കലാശം

 തിരുവനന്തപുരം

ജില്ലയിലെ എട്ട്‌ തദ്ദേശ വാർഡുകൾ ചൊവ്വാഴ്‌ച പോളിങ് ബൂത്തിലേക്ക്‌. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന ജില്ലാപഞ്ചായത്ത്‌ മണമ്പൂർ ഡിവിഷനും പോത്തൻകോട്‌ ബ്ലോക്കിലെ കണിയാപുരം ഡിവിഷനും ഉൾപ്പെടെ  മുഴുവൻ വാർഡുകളിലും എൽഡിഎഫിന്റെ സുനിശ്‌ചിത വിജയം പ്രഖ്യാപിക്കുന്നതായി കൊട്ടിക്കലാശം. 
 
ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാനാണ്‌. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ എസ് കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 60,850 വോട്ടർമാരുണ്ട്‌. യുഡിഎഫ്‌ സ്ഥാനാർഥിയായി കോൺഗ്രസ്‌ ഐയിലെ ഇ റിഹാസും  എൻഡിഎ സ്ഥാനാർഥിയായി ബിജെപിക്ക്‌ തോട്ടയ്ക്കാട് ശശിയും  രംഗത്തുണ്ട്‌.  
 
കണിയാപുരം ഡിവിഷനിൽ കോൺഗ്രസിലെ പറമ്പിപ്പാലം നിസാർ മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 10,760 വോട്ടർമാരുണ്ട്‌. സിപിഐ എമ്മിലെ ബി മഹേഷാണ് എൽഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസിലെ കുന്നുപുറം വാഹിദ്‌ (യുഡിഎഫ്‌), ബിജെപിയിലെ അഡ്വ. ചന്ദ്രചൂഡനും രംഗത്തുണ്ട്‌. ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിലെ സ്വതന്ത്രൻ എം തോമസ് മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്. 1477 വോട്ടുണ്ട്‌. തച്ചക്കുടി ഡി ഷാജിയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിൽ സാംരാജും എൻഡിഎയിൽ  ഫ്രാൻസിസുമാണ് സ്ഥാനാർഥി. എൽഡിഎഫ്‌ ഭരിക്കുന്ന ചെങ്കലിൽ 21 വാർഡുണ്ട്‌. 
 
കാരോട്‌ പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ 1190 വോട്ടുണ്ട്‌. സിപിഐ എമ്മിന്റെ വി സൗമ്യയാണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ്‌ഐയുടെ ടി സത്യരാജ് യുഡിഎഫിനായും ബിജെപിക്കുവേണ്ടി പ്രമോദും മൽസരിക്കുന്നു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഐ എമ്മിന്റെ സി ബി ബിനുവിന്‌ ജോലി കിട്ടിയതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ്. ആകെ 19 വാർഡുണ്ട്‌.  
 
അമ്പൂരി തുടിയംകോണത്ത്‌ 927 വോട്ടർമാരുണ്ട്‌. സിപിഐയിലെ സി രവീന്ദ്രൻ മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സിപിഐയിലെ കെ ശ്രീജകുമാരിയാണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ്‌ ഐയിലെ പി രാജുവാണ്‌ യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്കു സ്ഥാനാർഥിയില്ല. കോൺഗ്രസിനെ സഹായിക്കാനാണ്‌ ബിജെപി സ്ഥാനാർഥിയെ നിർത്താത്തതെന്ന്‌ ആക്ഷേപമുണ്ട്‌. 
 
കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാംമൂട് വാർഡിൽ 2014 വോട്ടർമാരുണ്ട്. സിപിഐ എമ്മിലെ എൻ ജി വിനുകുമാറിന്‌ ജോലി ലഭിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സിപിഐ എമ്മിലെ ടി ആൽബിനാണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ്‌ ഐയിലെ എസ്‌ ഷിബുകുമാർ യുഡിഎഫിനും എൻഡിഎക്കുവേണ്ടി ബിജെപിയിലെ വി ധന്യയും മത്സരിക്കുന്നു.  
പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാർഡംഗമായ സിപിഐ എമ്മിലെ ചിത്രകുമാരിക്ക്‌ ജോലി ലഭിച്ചതിനെ തുടർന്നാണ്  ഉപതെരഞ്ഞെടുപ്പ്.  സിപിഐ എമ്മിലെ വി പി  വിശാഖ് എൽഡിഎഫ് സ്ഥാനാർഥി. അശ്വതി പ്രദീപ് (കോൺഗ്രസ്), ദീപ (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 
 
പോത്തൻകോട്‌ മണലകംവാർഡിൽ സിപിഐ എം സ്വതന്ത്രനായിരുന്ന ദിലീപ്‌കുമാർ മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സിപിഐയിലെ എൻ രാജേന്ദ്രനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസിലെ കെ പി പുരുഷോത്തമൻ (യുഡിഎഫ്‌), സുജിത് (ബിജെപി) എന്നിവരും രംഗത്തുണ്ട്‌.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top