24 October Thursday

ബാങ്കുകാർ വീട്‌ മുദ്രവച്ചു: ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
പാറശാല 
വായ്‌പാ കുടിശ്ശികയെത്തുടർന്ന്‌ ബാങ്ക്‌ അധികൃതർ വീട്‌ മുദ്രവച്ചതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ. അയിര ഗവ.കെവിഎച്ച്എസ് സ്കൂളിന് സമീപം ആർഎസ് ഭവനിൽ പരേതനായ രാജന്റെ (വിജയൻ) ഭാര്യ സെൽവിയാണ്‌ വീടിന്‌ മുകളിൽകയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരുടെ ഭർത്താവ്‌ 2004ൽ പനച്ചമൂടിലെ ദേശസാൽകൃത ബാങ്കിൽനിന്ന്‌ 5 ലക്ഷംരൂപ വായ്പ എടുത്തിരുന്നു. എട്ട് വർഷംമുമ്പ് രാജൻ  ആത്മഹത്യ ചെയ്‌തു. തുടർന്ന് വായ്പ കുടിശ്ശികയായി. ഇനിയും നാല് ലക്ഷത്തോളം രൂപ അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക്‌ അധികൃതർ നോട്ടീസ്‌ അയച്ചു. 
 
ശനിയാഴ്‌ച കോടതി ഉത്തരവുമായെത്തിയ ബാങ്ക്‌ അധികൃതർ വീട്പൂട്ടി മുദ്രവച്ചു. ഇൗ സമയം സെൽവി ബന്ധുവീട്ടിലായിരുന്നു. ഞായറാഴ്‌ച രാവിലെ എത്തിയ ഇവർ വീടിന്‌ മുകളിൽകയറി ആത്മഹത്യാ ഭീഷണി മുഴക്കി. നാട്ടുകാരും പൊഴിയൂർ  പൊലീസും ജനപ്രതിനിധികളുമെത്തി അനുരഞ്ജനത്തിന്‌ ശ്രമിച്ചു. ബാങ്കധികൃതരെത്തി ജപ്തി നടപടി ഒഴിവാക്കിയാലേ താഴെയിറങ്ങുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഇവർ.
 
തുടർന്ന് ചെങ്കൽച്ചൂള, പാറശാല ഫയർഫോഴ്സും സ്ഥലത്തെത്തി.വീട്ടമ്മ താഴെയിറങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന്  പൊലീസും ജനപ്രതിനിധികളും ബാങ്കധികൃതരെ ബന്ധപ്പെട്ടു. കെ ആൻസലൻ എംഎൽഎ സ്ഥലത്തെത്തി ബാങ്കധികൃതരുമായി സംസാരിച്ചു. തിങ്കളാഴ്ച എത്താമെന്ന് ബാങ്ക്‌ അധികൃതർ ഉറപ്പുനൽകി. പകൽ 2.15 ഓടെ സെൽവിയെ അനുനയിപ്പിച്ച്‌ താഴെയിറക്കി. എംഎൽഎയും ഉദ്യോഗസ്ഥരും പോയശേഷം നാട്ടുകാർ വീടിന്റെ വാതിൽ തകർത്ത് സെൽവിയെ വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top