18 October Friday
കരമന– പ്രാവച്ചമ്പലം റോഡ്‌

സിസിടിവിയും സിഗ്‌നലുകളും സജീവമാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
നേമം  
കരമനമുതൽ പ്രാവച്ചമ്പലംവരെ റോഡിൽ വർധിക്കുന്ന അപകടങ്ങളും അപകടമരണങ്ങളും കുറയ്‌ക്കാൻ നേമം പൊലീസ്‌. ഇതിനായി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച്സെന്ററുമായി (നാറ്റ്പാക് ) സഹകരിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നിർദേശിക്കാനാണ്‌ നാറ്റ്പാക്‌ സഹകരണം തേടുക. 
 
നീറമൺകരമുതൽ നേമംവരെ റോഡിന് ഇരുവശവുമുള്ള സിഗ്നൽലൈറ്റുകളുടെ ഉപയോഗം വർധിപ്പിക്കണം എന്ന് നേരത്തേതന്നെ നിർദേശമുണ്ട്. ഇപ്പോഴുള്ള സിഗ്നൽലൈറ്റുകൾ വളരെ അടുത്തെത്തിയാൽമാത്രമേ കാണാനാകൂ എന്നാണ്‌ പരാതി. റോഡ് പരിചയമില്ലാതെ, അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇതുമൂലം അപകടത്തിൽപെടുന്നത്‌ പതിവാണ്‌. 
 
സിഗ്നൽലൈറ്റുകളുടെ സമീപം അതേ ഉയരത്തിൽ പലനിറങ്ങളിൽ സ്ഥാപിച്ച പരസ്യബോർഡുകളും ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്‌. ഇവ മാറ്റി സ്ഥാപിക്കാൻ പരസ്യക്കമ്പനികളോട് ആവശ്യപ്പെടും. ദേശീയപാതയിലെ വെളിച്ചക്കുറവാണ് രാത്രിയിലെ അപകടങ്ങൾക്ക് മറ്റൊരു പ്രധാന കാരണം. തെരുവുവിളക്കുകൾ സജ്ജമാക്കാനാവശ്യപ്പെട്ട്‌ കോർപറേഷൻ നേമം സോൺ അധികൃതരെ നേമം പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ല എന്നാണറിഞ്ഞത്‌. പൊതുജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ റോഡിന് ഇരുവശവും പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും നേമം പൊലീസ് അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top