08 August Saturday

മലയിന്‍കീഴ് താലൂക്ക് ആശുപത്രി സമുച്ചയത്തിന് 15.25 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

മലയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ രൂപരേഖ

തിരുവനന്തപുരം

മലയിൻകീഴ് താലൂക്ക്  ആശുപത്രിക്ക്‌ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സമുച്ചയം. നാലുനില കെട്ടിടം പണിയാൻ 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയിൽനിന്ന് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിലവിലുള്ള സ്ഥലപരിമിതി പരിഹരിക്കാൻ പുതിയ സമുച്ചയം എത്രയും വേഗം യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും പഴയ കെട്ടിടത്തിന്റെയും സ്ഥാനത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്‌. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, റിസപ്ഷൻ, വെയിറ്റിങ്‌ ഏരിയ എന്നിവയും അനുബന്ധ സൗകര്യങ്ങളും. ഒന്നാം നിലയിൽ വിവിധ ഒ പികൾ, വെയിറ്റിങ്‌ ഏരിയ, 11 കിടക്കയുള്ള സ്ത്രീകളുടെ വാർഡ് എന്നിവയുണ്ടാകും. രണ്ടാം നിലയിൽ 10 കിടക്കയുള്ള സ്ത്രീകളുടെ വാർഡും 16 കിടക്കയുള്ള പുരുഷന്മാരുടെ വാർഡും സജ്ജമാക്കും. മൂന്നാം നിലയിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗവും രണ്ട്‌ ഓപറേഷൻ തിയറ്ററുമുണ്ടാകും. മെഡിസിൻ, സർജറി, ഓർത്തോ, ഗൈനക്, പീഡിയാട്രിക്, എൻസിഡി പരിശോധനാ മുറികളും വെയിങ്‌ ഏരിയയും നേഴ്‌സിങ്‌ സ്റ്റേഷനും ഫാർമസിയും ഒരുക്കും. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക്‌ പ്രത്യേക ശുചിമുറിയും നിർമിക്കും. എൽഡിഎഫ്‌ സർക്കാരാണ്‌ മലയിൻകീഴ് സർക്കാർ ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയർത്തിയത്. സൂപ്രണ്ട്, ഫിസിഷ്യൻ, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്‌സസ്‌, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളും അനുവദിച്ചു. ഐ ബി സതീഷ്‌ എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി ലാബ് ആധുനികവൽക്കരിച്ചു. അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കി. ഫാർമസിയിൽ മോഡ്യുലാർ റാക്ക് സ്ഥാപിച്ചു. എക്‌സ് റേ യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങിയവ സ്ഥാപിച്ചു. ആധുനിക ഡെന്റൽ യൂണിറ്റും തുടങ്ങി. സാന്ത്വന പരിചരണവും വയോജന പരിരക്ഷയും കാര്യക്ഷമാക്കാൻ പ്രത്യേക വാർഡുകൾ സജ്ജീകരിച്ചു. രണ്ട്‌ ആംബുലൻസും അനുവദിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top