15 July Wednesday
ബിജെപി സർക്കാരിന്റെ കൊടിയ വഞ്ചന

തകർക്കുന്നത്‌ ഗുരുസ്‌മൃതികളുടെ സംരക്ഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
തിരുവനന്തപുരം 
ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് ഇല്ലാതാക്കുന്നതോടെ ചരിത്രഭാഗമായ പ്രദേശങ്ങളുടെ വികസനവും സംരക്ഷണവുമാണ്‌ വഴിമുട്ടുന്നത്‌. കാരണമൊന്നുമില്ലാതെയാണ്‌ പദ്ധതി ഉപേക്ഷിക്കുന്നത്‌. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കി എൽഡിഎഫ്‌ സർക്കാർ ആദ്യവർഷംതന്നെ ശിവഗിരി തീർഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ദുർഗാദേവീക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരംക്ഷേത്രം, തോന്നയ്ക്കൽ, കായിക്കര കുമാരനാശാൻ സ്മാരകങ്ങൾ, ശിവഗിരി എന്നിവയെല്ലാം ഭാഗമാക്കി. 
 
സർക്യൂട്ട്‌ ആവശ്യം മുന്നോട്ടുവച്ചത്‌ വർക്കല എംഎൽഎ വി ജോയിയായിരുന്നു. തുടർന്ന്‌ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്  സ്വാമി വിശുദ്ധാനന്ദ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ നൽകിയ നിവേദനത്തിലും ഇതേ ആവശ്യമുന്നയിച്ചു.
 
സംസ്ഥാന ടൂറിസം വകുപ്പിന്റെ ചർച്ചയിലാണ്‌ കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ശിവഗിരി തീർഥാടന വികസനം നടത്താമെന്ന ആശയമുയർന്നത്‌. 118 കോടി രൂപയുടെ പദ്ധതി സംസ്ഥാനം കേന്ദ്ര വിനോദ സഞ്ചാര വകുപ്പിനുനൽകി. ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗർകോവിൽ മരുത്വാമല, വർക്കല ജനാർദന സ്വാമി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. 
 
പ്രമുഖ ആർക്കിടെക്ട് മധുകുമാർ വിശദ പദ്ധതി രേഖ തയ്യാറാക്കി. ശ്രീനാരായണ ധർമസംഘം ഭാരവാഹികളുടെ അഭിപ്രായവും പരിഗണിച്ചുള്ള പദ്ധതി രേഖ കേന്ദ്രത്തിനുനൽകി.
 
ശിവഗിരിയിൽ ലൈറ്റ് ആൻഡ്‌ സൗണ്ട് ഷോ സംവിധാനം, ഓപ്പൺ എയർ തിയറ്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, 2000 പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യ ശുശ്രൂഷാകേന്ദ്രം,ഔഷധ സസ്യ തോട്ടം, ജലസംഭരണി, മഴവെള്ള സംഭരണി, പാർക്കിങ്‌ സൗകര്യം, സൗരോർജ പ്ലാന്റ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവ സർക്യൂട്ടിന്റെ ഭാഗമായി ഒരുക്കാനും ലക്ഷ്യമിട്ടിരുന്നു. ശിവഗിരി മഠത്തിലെ വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിൽ മാറ്റി സ്ഥാപിക്കാനും  നിർദേശമുണ്ടായിരുന്നു. 
അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്സിൽ ആർട്ട് ഗ്യാലറിയും മൾട്ടിമീഡിയ സംവിധാനവും ഗവേഷണ കേന്ദ്രവും  ലൈബ്രറിയും ഒരുക്കുന്നതിനൊപ്പം അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശപുഷ്പ പാർക്ക്, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, മലമുകളിൽ യോഗാകേന്ദ്രം എന്നിവയും ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും ഇതുപോലെ പ്രകാശ സംവിധാനങ്ങൾ, ആധുനിക ഭക്ഷണശാല, ഡിസ്പെൻസറി, കൺവൻഷൻ സെന്റർ, പ്രാർഥനാ മന്ദിരം, യോഗാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോളാർ പ്ലാന്റ് എന്നിവ നിർമിക്കാനും നിർദേശമുണ്ടായിരുന്നു.
 
ഇതിനിടയിൽ ശിവഗിരി മഠം നേരിട്ട് മറ്റൊരു ആശയക്കുറിപ്പ്‌ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അയച്ചു. തുടർന്ന് സംസ്ഥാനം മുന്നോട്ടുവച്ച പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടിയുടേതാക്കി. ഈ പദ്ധതിയാണ്‌ ഉപേക്ഷിച്ചത്‌.
പ്രധാന വാർത്തകൾ
 Top