21 October Wednesday

കോവിഡ്‌ പ്രതിരോധം ആദ്യ കടമ: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കലക്ടറായി ചുമതലയേറ്റ നവ്‌ജ്യോത്‌ ഖോസയെ സ്ഥാനമൊഴിയുന്ന കെ ഗോപാലകൃഷ്‌ണൻ ബൊക്കെ നൽകി സ്വീകരിക്കുന്നു

തിരുവനന്തപുരം  
കൂടുതൽപേർ പുറത്തുനിന്ന്‌ എത്തുന്ന സാഹചര്യത്തിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയെ സജ്ജമാക്കുകയാണ്‌ തന്റെ ആദ്യ കടമയെന്ന്‌ കലക്ടർ നവ്‌ജ്യോത്‌ ഖോസ. മറ്റു‌ സംസ്ഥാനങ്ങളിലും വിദേശത്തുംനിന്ന്‌ കൂടുതൽ പേർ എത്തുമ്പോൾ വെല്ലുവിളി ഏറ്റെടുക്കേണ്ടിവരും. മഴക്കാലത്തിനു മുമ്പുള്ള തയ്യാറെടുപ്പുകളും ഉടൻ പൂർത്തിയാക്കണം. തന്റെ ഇഷ്ടസ്ഥലമാണ് തിരുവനന്തപുരമെന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.
 
പഞ്ചാബ് ബട്ടിൻഡ സ്വദേശിനിയായ ഖോസ മൂന്നര വർഷം മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്നു. ഈ പദവിയിലിരുന്ന്‌ കോവിഡ് പ്രതിരോധത്തിൽ സജീവമായി ഇടപെടാനായത് ഗുണം ചെയ്യുമെന്നാണ്‌ നവ്‌ജ്യോത് കരുതുന്നത്‌. പിസിആർ മെഷീൻ, ഏജന്റ് കിറ്റ്, സ്രവ ശേഖരണ ഉപകരണം, ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റ് എന്നിവ വിതരണം ചെയ്യുന്നത് കോർപറേഷനാണ്. ഇവിടെ നൂറ്റമ്പതിലധികം കരാർ ജീവനക്കാരിൽ കൂടുതലും യുവതികളാണ്. ഇവരുടെ മക്കളെ പരിചരിക്കാനായി ക്രഷെ ആരംഭിച്ചത് ശ്രദ്ധനേടിയിരുന്നു. തലശേരി സബ്കലക്ടറായിരിക്കെ ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനത്തിലും കൽവന സംരക്ഷണത്തിലും സജീവ പങ്കാളിയായി. 
 
ഭർത്താവ് ലാൽജിത് സിങ്‌ ബ്രാർ ഖത്തറിൽ ഓർത്തോഡോന്റിസ്റ്റാണ്‌. മകൾ ഒന്നര വയസ്സുകാരി അനാഹത്ത്‌ . അച്ഛൻ ജെ എസ് ഖോസ മഹീന്ദ്രയിൽ റീജ്യണൽ മാർക്കറ്റിങ് മാനേജരായിരുന്നു. അമ്മ സത്യന്ദർ കോർ.
മലപ്പുറം കലക്ടറായി സ്ഥലംമാറുന്ന കെ ഗോപാലകൃഷ്ണന് ജീവനക്കാർ യാത്രയയപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top