15 July Wednesday

കേട്ടുപഠിക്കാനും ഓൺലൈൻ സൂപ്പറാ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കൃഷ്ണപ്രസാദ്‌ വീട്ടിൽ പഠനത്തിനിടെ

തിരുവനന്തപുരം 
‘സ്‌കൂളിൽ കേട്ടിരുന്ന ബെല്ലിന്റെ ശബ്ദവും തുടർന്ന്‌ പ്രാർഥനാഗാനവും പ്രതിജ്ഞയും അമ്മ ഫോണിൽ കേൾപ്പിച്ചു. പിന്നെ ടിവിയിൽ ഒരു സാറ്‌ പഠിപ്പിച്ചു. കേട്ട്‌ പരിചയമുള്ള ശബ്ദമല്ല. സാർ പിന്നെ പേര്‌ പറഞ്ഞു, സന്തോഷ്‌. സാർ പഠിപ്പിച്ച കൃഷ്ണന്റെ കവിത നന്നായിരുന്നു. വിക്ടേഴ്‌സ്‌ ചാനലിലൂടെ പുതിയ ടീച്ചർമാരാണ്‌ ഇനി പഠിപ്പിക്കുന്നതെന്ന്‌ അച്ഛനും അമ്മയും പറഞ്ഞുതന്നു, ഇതോടെ കാര്യങ്ങൾ ക്ലിയർ’.
 
വഴുതക്കാട്‌ സർക്കാർ അന്ധവിദ്യാലയത്തിലെ ആറാംക്ലാസുകാരനായ കൊല്ലം തേവള്ളി സ്വദേശി കൃഷ്ണപ്രസാദ്‌ പുതിയ അധ്യയനവർഷാരംഭത്തിന്റെ അനുഭവം പങ്കുവച്ചു. ചവറ ഗവ. ബോയ്‌സ്‌ സ്‌കൂളിൽ അധ്യാപകനായ അച്ഛൻ സുഗുണനും അമ്മ ജയലക്ഷ്‌മിയും ഹാപ്പി. 
ബെല്ലിന്റെ ശബ്ദവും റെക്കോർഡ്‌ ചെയ്ത പ്രാർഥനാഗാനവും പ്രതിജ്ഞയും സ്‌കൂൾ വാട്‌സാപ്‌ ഗ്രൂപ്പിൽ നൽകിയായിരുന്നു 45 വിദ്യാർഥികൾക്കായി അധ്യാപകർ പ്രവേശനോത്സവം ഒരുക്കിയത്‌.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്‌ ഇവർ. ഹോസ്റ്റലിലായിരുന്ന ഇവരിൽ മിക്കവരും ലോക്‌ഡൗൺ ആയതോടെ  വീടുകളിലാണ്‌.
 
മെയ്‌ പകുതിയോടെ അനൗദ്യോഗികമായി ക്ലാസുകൾ ആരംഭിച്ചിരുന്നു. ഓരോ വിദ്യാർഥിക്കും പഠനം ഉറപ്പാക്കാനായി മാതാപിതാക്കളും അധ്യാപകരുമുള്ള വാട്‌സാപ്‌ ഗ്രൂപ്പിൽ പ്രധാനാധ്യാപകൻ അബ്‌ദുൽ ഹക്കീം നിർദേശങ്ങൾ നൽകുന്നുണ്ട്‌.
 
ക്ലാസ്‌മുറിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ ഒരു പ്രത്യേക മുറിയിൽ സൗകര്യമൊരുക്കാൻ മാതാപിതാക്കളോട്‌ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ മറ്റ്‌ കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും ചേർന്ന്‌ സാമ്പത്തികസഹായം നൽകിയെന്ന്‌ ഹക്കീം പറയുന്നു. പാഠഭാഗങ്ങൾ ശബ്ദസന്ദേശങ്ങളായും വീഡിയോയായും മാതാപിതാക്കൾക്കും അയച്ചുനൽകുന്നുണ്ട്‌. അവരുടെ സഹായത്തോടെ കുട്ടികൾ ബ്രെയിൽ ലിപിയിൽ നോട്ടുകൾ എഴുതി ശേഖരിക്കുന്നുണ്ടെന്നും അധ്യാപകർ ഉറപ്പുവരുത്തുന്നു.
പ്രധാന വാർത്തകൾ
 Top