12 July Sunday

പുസ്തകം വീട്ടിലെത്തി; പഠനം വിക്ടേഴ്‌സിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കോട്ടൺഹിൽ എൽപിഎസിലെ ഒന്നാംക്ലാസ്‌ വിദ്യാർഥി അഭിനാഥിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഇടപ്പഴിഞ്ഞിയിലെ വീട്ടിലെത്തി പുസ്‌തകങ്ങൾ കൈമാറുന്നു

തിരുവനന്തപുരം   
തിങ്കളാഴ്ച കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിക്കേണ്ടതായിരുന്നു ഇടപ്പഴിഞ്ഞിയിലെ അഭിനാഥ്‌. പക്ഷേ കോവിഡ്‌ എല്ലാം തെറ്റിച്ചു, സ്കൂൾതുറപ്പ്‌ ഓൺലൈനിലായി. ആദ്യ സ്കൂൾ അനുഭവം വീട്ടിൽ തന്നെയായല്ലോ എന്നാലോചിച്ചിരിക്കുമ്പോഴാണ്‌ രാവിലേ തന്നെ അധ്യാപകരടക്കം ഒരുസംഘം വീട്ടിലേക്കെത്തിയത്‌. അഭിനാഥ്‌ സന്തോഷത്തോടെ ചാടിയിറങ്ങി, ഇനിയഥവാ സ്‌കൂൾ തുറന്നോ? 
 
അവരെത്തിയത്‌ പുസ്‌തകം നൽകാനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവിൽനിന്ന്‌ അഭിനാഥ്‌ നിറഞ്ഞ ചിരിയോടെ പുസ്‌തകം ഏറ്റുവാങ്ങി. പുസ്തകക്കെട്ട്‌ കൈയിൽ കിട്ടിയപ്പോൾ അവൻ "ഹാപ്പി'. കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ വീട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി അഭിനാഥിനാണ്‌ ആദ്യമായി പുസ്തകം വിതരണം ചെയ്തത്‌. അധ്യാപകരും പിടിഎ ഭാരവാഹികളുമാണ്‌ വിതരണത്തിനുണ്ടായത്‌. 
 
തിങ്കളാഴ്ച രാവിലെ 9.30ഓടെ പുസ്തകങ്ങൾ സ്കൂൾ ബസിലാക്കി അധികൃതർ വിദ്യാർഥികളുടെ വീടുകളിലേക്ക്‌ തിരിച്ചു. ഇടപ്പഴിഞ്ഞിയിൽ തന്നെ രണ്ട്‌ ഒന്നാം ക്ലാസുകാർക്കും ഒരു നാലാം ക്ലാസുകാരനും ഡയറക്ടർ നേരിട്ട്‌ പുസ്തകം നൽകി. 
 
തിങ്കളാഴ്ച കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനൽവഴി ക്ലാസുകൾ ആരംഭിച്ചതോടെയാണ്‌ പുസ്തകങ്ങൾ ഉടൻ കുട്ടികളിലെത്തിച്ചത്‌. തിങ്കളാഴ്ച മാത്രം ഏകദേശം 400 കുട്ടികൾക്ക്‌ പുസ്തകം വിതരണംചെയ്തു. രണ്ടുദിവസത്തിനകം മുഴുവൻ കുട്ടികൾക്കും പുസ്തകം എത്തിക്കുമെന്ന്‌ ഹെഡ്‌മാസ്റ്റർ കെ ബുഹാരി പറഞ്ഞു. സ്കൂളിന്‌ 20കിലോമീറ്റർ ചുറ്റളവിലെ വിളപ്പിൽശാല, ഉറിയാക്കോട്‌ എന്നിവിടങ്ങളിലുള്ള വിദ്യാർഥികൾക്കും പുസ്തകം നൽകി. ഹെഡ്‌മാസ്റ്ററെക്കൂടാതെ എസ്‌ആർജി കൺവീനർ ടി എ ജേക്കബ്‌, പിടിഎ പ്രസിഡന്റ്‌ എസ്‌ എസ്‌ അനോജ്‌, അധ്യാപികമാരായ ആർ സെലിൻ, സുജ എന്നിവരും ബസ്‌‌ ജീവനക്കാരുമാണ്‌ വിതരണത്തിനുപോയത്‌.
പ്രധാന വാർത്തകൾ
 Top