02 July Thursday

ആനാട്ടെ രോഗിയെ ആശുപത്രിയിൽ എത്തിച്ചതിൽ വീഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
നെടുമങ്ങാട്
ആനാട്‌ കോവിഡ്‌ സ്ഥിരീകരിച്ച രോഗിയെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന്‌ ആരോപണം. സ്വകാര്യ ആംബുലൻസ്‌ ഡ്രൈവറുടെ നിർബന്ധപ്രകാരമാണ്‌ ഈ വീഴ്‌ച സംഭവിച്ചതെന്ന്‌ നാട്ടുകാർ പറയുന്നു.
 
വെള്ളിയാഴ്ച ആനാട് ആലംകോട് സ്വദേശിയായ യുവാവ് അരുവിക്കര പഞ്ചായത്തിലെ വെള്ളൂര്‍ക്കോണം ജങ്ഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു ബന്ധുവിനൊപ്പം ബൈക്കിലെത്തി തന്റെ മൊബൈല്‍ ഫോണ്‍ തിരയുന്നതിനിടെയാണ്‌ കുഴഞ്ഞുവീണത്‌.
തമിഴ്നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലയില്‍നിന്ന്‌ മദ്യം കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്നയാളാണെന്ന്‌ അറിയാമായിരുന്നതിനാൽ നാട്ടുകാർ സഹായിക്കാൻ മടിച്ചു. 108 ആംബുലന്‍സിനെ വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. ആംബുലന്‍സ് വന്നെങ്കിലും കോവിഡ്‌ രോഗലക്ഷണങ്ങൾ കണ്ടതിനാൽ ആരോഗ്യവകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു.
 
എന്നാൽ, ഇത് വകവയ്ക്കാതെ നെടുമങ്ങാട്ടെ സ്വകാര്യ ആംബുലൻസ്‌ സർവീസായ ജയത്തിന്റെ ഡ്രൈവര്‍ മറ്റുചിലരെ സഹായത്തിന്‌കൂട്ടി യുവാവിനെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോയി. ഡ്രൈവർ മാസ്‌ക്‌ ധരിച്ചിട്ടുണ്ടായിരുന്നില്ല. രോഗപ്രതിരോധത്തിനുള്ള സംവിധാനങ്ങളൊന്നും ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല. രോഗിയെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ആദ്യമെത്തിയ 108 ആംബുലന്‍സ് ജീവനക്കാർ രോഗിയെ സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നെങ്കിലും ആശുപത്രിയിലെ ചില ജീവനക്കാർ അശ്രദ്ധയോടെയാണ്‌ കൈകാര്യം ചെയ്‌തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്‌. രോഗിയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക്‌ റഫര്‍ ചെയ്തു. കൊണ്ടുവന്ന അതേ ആംബുലന്‍സിൽതന്നെയാണ്‌ മെഡിക്കൽകോളേജിലേക്കും അയച്ചത്‌. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചിട്ടിരിക്കുകയാണ്‌.
പ്രധാന വാർത്തകൾ
 Top