27 May Wednesday

അനീഷിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ചിറയിൻകീഴ്‌ ക്ലീൻ

എം ഒ ഷിബുUpdated: Thursday Apr 2, 2020

അനീഷ്‌ ശുചീകരണത്തിൽ

ചിറയിൻകീഴ്
സഖാവ്‌ ഓട്ടോയിൽ സഖാവെത്തി. മറ്റാരെയും കാത്തു നിൽക്കാതെ  ചിറയിൻകീഴ്‌ ബസ്‌ സ്റ്റാൻഡ്‌ ശുചീകരിച്ചു. ചിറയിൻകീഴ് കൂന്തള്ളൂർ കുഞ്ചിവീട് അജിത്ത് ഭവനിൽ എസ് അനിലാണ് ഒറ്റയ്ക്ക്‌, വൃത്തിഹീനമായിരുന്ന ബസ്‌ സ്റ്റാൻഡ്‌ വൃത്തിയാക്കിയത്‌. വലിയകട സ്റ്റാൻഡിൽ ഓട്ടോത്തൊഴിലാളി യൂണിയൻ യൂണിറ്റ്‌ പ്രസിഡന്റാണ്‌ അനിൽ. സഖാവ്‌ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയുടെ പേരും അതുതന്നെ. പരിസരം ശുചിയാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്‌ പ്രചോദനം. 
 
‘മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെന്തെങ്കിലും ചിന്തിക്കാനുണ്ടോ. മറ്റൊന്നും നോക്കിയില്ല, ഇവിടം  വൃത്തിയാക്കാമെന്ന്‌ വിചാരിച്ചു’ –- അനിൽ പറയുന്നു. ആദ്യം ക്ലോറിൻ വിതറി ദുർഗന്ധം അകറ്റി. പിന്നീട്‌ മാലിന്യങ്ങൾ വൃത്തിയാക്കി. പ്ലാസ്റ്റിക് തരംതിരിച്ച ശേഷം ബാക്കിയുള്ളവ കത്തിച്ചു. പകൽ 11ന്‌ തുടങ്ങിയ ശുചീകരണം വൈകിട്ട്‌ നാലിനാണ്‌ അവസാനിച്ചത്‌. വലിയകട ജങ്‌ഷനിലും ബിഎസ്എൻഎൽ ജങ്‌ഷനിലും അനിലിന്റെ നേതൃത്വത്തിലുള്ള സിഐടിയു യൂണിറ്റ് കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റീനയാണ്‌ ഭാര്യ. മൂത്ത മകൻ അജിത്ത് വലിയകട സ്റ്റാൻഡിൽ തന്നെ ഓട്ടോ ഡ്രൈവറാണ്. ഇളയ മകൻ അനീഷ് . 
 
പ്രധാന വാർത്തകൾ
 Top