03 February Friday

വാഹനാപകടക്കേസ്‌ പ്രതി സ്‌റ്റേഷനിൽ 
പൊലീസുകാരെ ആക്രമിച്ചു

സ്വന്തം ലേഖകൻUpdated: Thursday Dec 1, 2022
 
വിളപ്പിൽ 
മലയിൻകീഴ്‌ പൊലീസ് സ്റ്റേഷനിലും പൊലീസുകാർക്ക് നേരെയും ആക്രമണം. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാൻശ്രമിച്ച കാരാംകോട് സ്വദേശി ഷിജു(37)വാണ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ  അക്രമാസക്തനായത്‌. ബുധൻ രാവിലെ 7.30യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന ഷിജു സ്റ്റേഷനിലെ കംപ്യൂട്ടറും വയർലസ് സെറ്റും മറ്റ് ഉപകരണങ്ങളും തകർത്തു. 
വനിതാ പൊലീസ് അനിത, പാറാവ് ഡ്യൂട്ടിയിലായിരുന്ന വിഷ്ണു, ഗ്രേഡ് എസ്ഐ അലോഷ്യസ് എന്നിവരെ ആക്രമിച്ചു. സംഭവസമയത്ത്‌ ജിഡി ചാർജ് ഉണ്ടായിരുന്ന അനിതയും വിഷ്ണുവും മാത്രമേ സ്റ്റേഷനിലുണ്ടായിരുന്നുള്ളൂ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവർ സ്റ്റേഷനിൽ വിശ്രമത്തിലായിരുന്നു. തച്ചോട്ടുകാവിൽ മേസ്തിരി പണിക്കാരനെ ഇന്നോവ കാർ ഇടിച്ച് പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞതായി വിവരം ലഭിച്ചു. ഗുരുതര പരിക്കേറ്റ കീഴാറൂർ സ്വദേശി ശശി (50)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പൊലീസുകാർ അപകടസ്ഥലത്തെത്തി കാറും ഡ്രൈവറായിരുന്ന ഷിജുവിനെയും സ്‌റ്റേഷനിലേക്ക്‌ കൂട്ടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബാലരാമപുരം ചായ്ക്കോട്ടുകോണം സ്വദേശി അരുൺ, മാറനല്ലൂർ കൂവളശ്ശേരി സ്വദേശി ഹരീഷ് എന്നിവർ അപകടമുണ്ടായ ഉടനെ ഓടി രക്ഷപ്പെട്ടുവെങ്കിലും ഇവരെയും പടികൂടി. 
വിഷ്ണുവിനെ ഷിജു മർദിച്ചശേഷം ഷർട്ട് കീറിക്കളഞ്ഞു. വിഷ്ണുവിന്റെ പുറത്തുകയറിയിരുന്ന്‌ തല അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചപ്പോൾ തടയാനെത്തിയ അനിതയെയും ആക്രമിച്ചു. ഗ്രേഡ് എസ്ഐ അലോഷ്യസിന്റെ കൈ ഒടിച്ചു. 
വയർലസ്‌ സെറ്റും ഇയാൾ തകർത്തു. അതിനുശേഷം സ്വയം തല ചുവരിൽ ഇടിച്ച് മുറിവേൽപ്പിച്ചു. ഇയാളെയും വിഷ്ണു, അനിത, അലോഷ്യസ്എന്നിവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top