29 January Saturday
രാജ്യം അംഗീകരിച്ചു

തിരുവനന്തപുരത്തിന്റെ 
ഡിജിറ്റൽ വിജയഗാഥ

സ്വന്തം ലേഖികUpdated: Wednesday Dec 1, 2021
തിരുവനന്തപുരം
മാലിന്യ സംസ്‌കരണത്തിൽ പുതുമാതൃക സൃഷ്‌ടിച്ചാണ്‌ ഡിജിറ്റൽ ഇന്ത്യയിലെ വിജയ കഥകളുടെ റിപ്പോർട്ടിൽ തിരുവനന്തപുരം നഗരസഭ ഇടം പിടിച്ചത്‌. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ്‌ നഗരസഭ നേട്ടം കരസ്ഥമാക്കിയത്‌.  
സെപ്‌റ്റേജ് മാലിന്യ ശേഖരണ സംവിധാനമാണ്‌ നഗരസഭയെ ഇതിനർഹമാക്കിയത്‌. സെപ്‌റ്റേജ് ശേഖരിക്കുന്ന തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ സാധിച്ചതിനൊപ്പം ജലസ്രോതസ്സുകൾ മലിനമാകുന്നതിൽ നിന്ന് രക്ഷനേടാനും  ഈ ഇ–--ഗവേണൻസ് പദ്ധതിയിലൂടെ സാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.  
പൊതുജനങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ സേവനം ലഭ്യമാണ്. സ്മാർട് ട്രിവാൻഡ്രം ആപ്‌ വഴി ബുക്കിങ്ങിന്റെ സ്ഥിതി അറിയാം. സെപ്‌റ്റേജ് എടുക്കാനെത്തുന്ന വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ വിവരം, എത്തുന്ന സമയം എല്ലാം വിരൽത്തുമ്പിൽ ലഭിക്കും. കോൾ സെന്ററിൽ വിളിച്ചോ ഓൺലൈൻ വഴിയോ പരാതി ബോധിപ്പിച്ചാൽ ഉടൻപരിഹാരം കാണും. 
2019 ഏപ്രിൽ 18നാണ് പദ്ധതിക്ക് നഗരസഭ തുടക്കമിടുന്നത്. ഇതുവരെ 12 കോടി ലിറ്ററിലേറെ സെപ്‌റ്റേജ് മാലിന്യം സംസ്‌കരിച്ചു. 9.83 കോടിയാണ് ഇതിനായി ജനങ്ങൾ നഗരസഭയിൽ അടച്ചത്. 
മുപ്പതോളം വാഹനങ്ങളാണ് ഓടുന്നത്. നഗരസഭയുടെ രണ്ടു വാഹനം ഒഴികെ ബാക്കിയെല്ലാം സ്വകാര്യ ടാങ്കറുകളാണ്. സർക്കാർ നിർദേശപ്രകാരം  സമീപത്തെ 11 പഞ്ചായത്തിലേക്കുകൂടി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.  9496434488/ 0471 2377701 നമ്പർ വഴിയും സ്‌മാർട്‌ ട്രിവാൻഡ്രം ആപ്‌ വഴിയും തൊട്ടടുത്ത പഞ്ചായത്തുകളിൽ https://smarttvm.tmc.lsgkerala.gov.in എന്ന ലിങ്കു വഴിയും ബുക്കുചെയ്യാം. നഗരസഭയുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും മേയർ ആര്യ രാജേന്ദ്രൻ അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top