തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ഐടിഐകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐയിൽ 83ലും എസ്എഫ്ഐ ഉജ്വല വിജയം നേടി. വർഷങ്ങളായി കെഎസ്യു ഭരിച്ചിരുന്ന കഞ്ഞിക്കുഴി ഗവ. ഐടിഐ എസ്എഫ്ഐ തിരിച്ചുപിടിച്ചു. ‘വിധിയെഴുതുക, വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ സംസ്ഥാനത്ത് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും വിവിധ സർവകലാശാലാ തെരഞ്ഞെടുപ്പിലും പോളി ടെക്നിക്, എൻജിനിയറിങ് കോളേജ് യൂണിയൻ, പെരിയ കേന്ദ്ര സർവകലാശാലാ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ മികച്ച വിജയം നേടിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഏഴ് ഐടിഐകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴിടത്തും എസ്എഫ്ഐക്ക് ഉജ്വലവിജയം. ധനുവച്ചപുരം, മലയിൻകീഴ്, കളമച്ചൽ ഐടിഐകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. ചാക്ക, ആര്യനാട് ഐടിഐകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. വർക്കല, ആറ്റിങ്ങൽ ഐടിഐകളിലും ഭൂരിഭാഗം സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ പ്രസിഡന്റ് ജെ ജെ അഭിജിത്തും സെക്രട്ടറി റിയാസ് വഹാബും അഭിവാദ്യംചെയ്തു.
എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച എല്ലാ സ്ഥാനാർഥികളെയും വിദ്യാർഥികളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ അഭിവാദ്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..