14 September Saturday

വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
തിരുവനന്തപുരം
വെള്ളയമ്പലം ജങ്‌ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടർ ജെറോമിക് ജോർജ് നിർദേശിച്ചു. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാർ റോഡ്, വെള്ളയമ്പലം വഴുതക്കാട് റോഡ് എന്നിവിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും  നിർദേശിച്ചു.
പേരൂർക്കട മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് കല്ലുകൾ സ്ഥാപിച്ചതിലെ അവ്യക്തത മാറ്റണമെന്ന് വി കെ പ്രശാന്ത് എംഎൽഎ ആവശ്യപ്പെട്ടു. 
സിവിൽ സ്റ്റേഷൻ ജങ്‌ഷൻ വികസനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ പ്രവേശന കവാടത്തിന്റെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി. സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിൽ രാവിലെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രവേശന കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. 
പൊന്മുടി പാതയിലെ ചുള്ളിമാനൂർ - തൊളിക്കോട് റോഡിന്റെ നിർമാണം വേഗത്തിലാക്കാൻ ജി സ്റ്റീഫൻ എംഎൽഎ നിർദേശിച്ചു. നിരന്തരം അപകടമുണ്ടാകുന്ന കല്ലാറിൽ മുൻകരുതൽ സ്വീകരിക്കാനും കലക്ടറുടെ അധ്യക്ഷതയിൽ തുടർനടപടി സ്വീകരിക്കാനും നിർദേശിച്ചു. 
കാപ്പിൽ, വർക്കല ഹെലിപ്പാഡ് എന്നിവിടങ്ങളിൽ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നവരാത്രി  മഹോത്സവത്തോടനുബന്ധിച്ച് ആര്യശാല റോഡിലെ വെള്ളക്കെട്ട് മാറ്റി അറ്റകുറ്റപ്പണികൾ രണ്ടാഴ്‌ചയ്ക്കുള്ളിൽ പൂർത്തിയാക്കും. 
നഗരൂർ പുളിമാത്ത് -കാരേറ്റ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങളും വലിയതുറ കടൽപ്പാലത്തിന്റെ പുനർനിർമാണ നടപടികളും വേഗത്തിലാക്കും. 
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണ പുരോഗതിയും വിവിധ പദ്ധതികളും യോഗം വിലയിരുത്തി.
എം വിൻസെന്റ് എംഎൽഎ, എഡിഎം ജെ അനിൽ ജോസ്, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, ജില്ലാ പ്ലാനിങ് ഓഫീസർ വി എസ് ബിജു തുടങ്ങിയവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top