Deshabhimani

സമ്പൂർണാധിപത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 02:34 AM | 0 min read

തിരുവനന്തപുരം
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന്‌ സമ്പൂർണ വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പുനടന്ന എട്ടു വാർഡും എൽഡിഎഫ്‌ പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിലെ വെള്ളനാട്‌ ഡിവിഷനും പെരിങ്ങമ്മല പഞ്ചായത്തിലെ കരുമൺകോട്‌, കൊല്ലായിൽ, മടത്തറ വാർഡുകളും യുഡിഎഫിൽനിന്നാണ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം, കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പറ വാർഡുകൾ ബിജെപിയിൽനിന്നും പിടിച്ചെടുത്തു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിനുപിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. കഴിഞ്ഞ തവണ നാലിടത്ത്‌ വിജയിച്ച ബിജെപിക്ക്‌ ഒരു സീറ്റും നിലനിർത്താനായില്ലെന്നു മാത്രമല്ല, ഏഴിടത്തും മൂന്നാംസ്ഥാനത്തായി. 
  മൂന്നു വാർഡുകളിലും എൽഡിഎഫ്‌ വിജയിച്ചതോടെ പെരിങ്ങമ്മല പഞ്ചായത്തിൽ എൽഡിഎഫിന്‌ ഭൂരിപക്ഷമായി. എൽഡിഎഫ്‌–-10, കോൺഗ്രസ്‌ –-3, ലീഗ്‌–- 2, സ്വതന്ത്രർ–- 3, ബിജെപി–1 എന്നിങ്ങനെയാണ്‌ പുതിയ കക്ഷിനില. രണ്ടു വാർഡും എൽഡിഎഫ്‌ പിടിച്ചെടുത്തതോടെ കരവാരം പഞ്ചായത്തിൽ ബിജെപിക്ക്‌ ഭൂരിപക്ഷം നഷ്ടമായി. എൽഡിഎഫ്‌–-7, ബിജെപി–-7, കോൺഗ്രസ്‌–-2, എസ്‌ഡിപിഐ–-2 എന്നിങ്ങനെയാണ്‌ പുതിയ കക്ഷിനില. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും ആറ്റിങ്ങൽ നഗരസഭയിലും എൽഡിഎഫ്‌ ഭരണമാണ്‌.
  ജില്ലാ പഞ്ചായത്തിലെ വെള്ളനാട്‌ ഡിവിഷനിൽ എൽഡിഎഫിലെ വെള്ളനാട്‌ ശശി 1143 വോട്ടുകൾക്കാണ് കോൺഗ്രസിലെ വി ആർ പ്രതാപനെ പരാജയപ്പെടുത്തിയത്‌. ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്കിൽ എൽഡിഎഫിലെ എം എസ്‌ മഞ്ജു 96 വോട്ടിനും തോട്ടവാരത്ത്‌ എൽഡിഎഫിലെ ജി ലേഖ 275 വോട്ടിനും വിജയിച്ചു. രണ്ടിടത്തും കഴിഞ്ഞ തവണ വിജയിച്ച ബിജെപി മൂന്നാം സ്ഥാനത്തായി. 
  പെരിങ്ങമ്മല പഞ്ചായത്തിലെ കരുമൺകോട്‌ വാർഡിൽ എൽഡിഎഫിലെ എം ഷെഹനാസ്‌ 314 വോട്ടിനും കൊല്ലായിൽ വാർഡിൽ എൽഡിഎഫിലെ കലയപുരം അൻസാരി 437 വോട്ടിനും മടത്തറ വാർഡിൽ എൽഡിഎഫിലെ ഷിനു മടത്തറ 203 വോട്ടിനും വിജയിച്ചു. കരവാരം പഞ്ചായത്തിലെ പട്ട്‌ള വാർഡിൽ എൽഡിഎഫിലെ കെ ബേബിഗിരിജ 261 വോട്ടിനും ചാത്തമ്പറ വാർഡിൽ എൽഡിഎഫിലെ വിജി വേണു 148 വോട്ടിനും വിജയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home