04 August Tuesday

ജാഗ്രത കുറയ്ക്കാതെ നിയന്ത്രണങ്ങളിൽ ഇളവ് വേണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

തിരുവനന്തപുരം 

ജില്ലയിൽ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോഗികമായ തരത്തിൽ ഇളവുകൾ വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സാമൂഹ്യവ്യാപനം ഉണ്ടാകുകയും ചെയ്ത തിരുവനന്തപുരത്ത് രോഗപ്രതിരോധത്തിന് നിയന്ത്രണങ്ങൾ അനിവാര്യമാണ്‌.  കണ്ടെയ്ൻമെന്റ് സോണുകളിൽ ആർക്കും ജോലിക്ക്‌‌ പോകാനോ പുറത്തേക്ക്‌ സഞ്ചരിക്കാനോ കഴിയാത്ത സാഹചര്യമാണ്‌. ഈ പശ്ചാത്തലത്തിൽ ജാഗ്രതയിൽ ഒട്ടും കുറവ് വരുത്താതെയും മാനദണ്ഡങ്ങൾ പാലിച്ചും   ഇളവുകൾ വരുത്തണം.  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. 

വിതുരയിലും പാലോടും കിളിമാനൂരും പരിശോധനാ കേന്ദ്രങ്ങൾ

വിതുര ഗവ. താലൂക്ക് ആശുപത്രി, പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രം, കിളിമാനൂർ കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പുതുതായി കോവിഡ്‌ പരിശോധന ആരംഭിക്കും.  ജില്ലയിൽ കൂടുതൽ പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാൻ  ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. 21 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി  2422 കിടക്കകളാണുള്ളത്‌. 739 കിടക്ക ഒഴിവുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ സജ്ജീകരിച്ച 14 കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിൽ 6500 ഓളം കിടക്കകൾ സജ്ജമാണ്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു.

നിയന്ത്രണങ്ങൾ ഒഴിവാക്കി

കണ്ടെയ്‌ൻമെന്റ് സോൺ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയ മുട്ടട, കടകംപള്ളി, കരമന, കവടിയാർ എന്നീ വാർഡുകളിലെ അതിർത്തികൾ അടച്ചുകൊണ്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. മറ്റ് ലോക്‌ഡൗൺ നിയന്ത്രണങ്ങൾ തുടരും.  തീരപ്രദേശങ്ങളിൽ 18 ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണും നഗരത്തിൽ 11 കണ്ടെയ്‌ൻമെന്റ് സോണുമാണ്‌ ഉള്ളത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top