20 September Friday
സിപിഐ എം തുണയായി

ആതിരയ്‌ക്ക്‌ ഇനി ‘കിന്നാരം’ കേൾക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ആതിരയ്‌ക്ക്‌ ആനാട്‌ ഫാർമേഴ്‌സ്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ രാജേന്ദ്രൻ ശ്രവണസഹായി കൈമാറുന്നു

നെടുമങ്ങാട് 

പഞ്ചായത്ത്‌ കൈയൊഴിഞ്ഞ ബധിരവിദ്യാര്‍ഥിനിക്ക് സിപിഐ എം  ഇടപെടലിന്റെ  ഫലമായി സഹകരണ ബാങ്ക് തുണയായി. ആനാട് സര്‍ക്കാര്‍ എല്‍പിഎസിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി ആനാട് പാലോട്ടുകോണം വാര്‍ഡ് നിവാസിയും നിര്‍ധന കുടുംബാംഗവുമായ ആതിരയ്ക്കാണ് സഹായം ലഭ്യമാക്കിയത്. സംസാരശേഷിയുണ്ടെങ്കിലും ആതിരയ്ക്ക് കേൾവിശക്തിയില്ല. വിലപിടിപ്പുള്ള ശ്രവണസഹായിവഴി ഇത്‌ പരിഹരിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.  സ്വന്തമായി ശ്രവണസഹായി വാങ്ങാന്‍ ശേഷിയില്ലാത്ത കുടുംബം ആനാട് പഞ്ചായത്തിനെ സമീപിച്ചു. പലവട്ടം ആതിരയുടെ അമ്മ പഞ്ചായത്ത് പ്രസിഡന്റിനെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചു. ഇത്തരക്കാരെ സഹായിക്കാന്‍ പഞ്ചായത്തിന്‌ തനതു പദ്ധതികളുണ്ടായിട്ടും സഹായിച്ചില്ല. ഇത്തരം കുട്ടികള്‍ക്കായി എൽഡിഎഫ്‌ സര്‍ക്കാർ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. അമ്പതിനായിരം രൂപവരെ സഹായവും ലഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം സഹായങ്ങള്‍ വിതരണംചെയ്യുക. അത്‌ ലഭ്യമാക്കാനും ആതിരയുടെ അമ്മ പലവുരു പഞ്ചായത്തിനെ സമീപിച്ചു. എന്നിട്ടും, പ്രസിഡന്റും കൂട്ടരും മുഖംതിരിച്ചു. തുടർന്നാണ് സിപിഐ എം ആനാട് ലോക്കല്‍ കമ്മിറ്റിയെ ആതിരയുടെ ബന്ധുക്കള്‍ സമീപിച്ചത്.  സി പിഐ എം ലോക്കല്‍ കമ്മിറ്റി  ആനാട് ഫാര്‍മേഴ്സ് ബാങ്കിനെ സമീപിക്കുകയും അടിയന്തരസഹായമെന്നോണം ശ്രവണസഹായി വാങ്ങിനല്‍കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ കെ രാജേന്ദ്രന്‍ എംഡി ലൈലാബീവി എന്നിവരുടെ ഇടപെടലിന്റെ ഫലമായാണ് ബാങ്കിന്റെ തനതുവരുമാനത്തില്‍നിന്ന്‌ സഹായത്തിനുള്ള തുക കണ്ടെത്തി ശ്രവണസഹായി വാങ്ങിയത്. ബാങ്ക് അധികാരികളായ കെ രാജേന്ദ്രന്‍, ലൈലാ ബീവി, സിപിഐ എം നേതാക്കളായ ടി പത്മകുമാര്‍, ആനാട് ഷജീര്‍ എന്നിവർചേര്‍ന്ന് ആതിരയുടെ വീട്ടിലെത്തി ശ്രവണസഹായി വിതരണംചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top