20 July Saturday

സി ഒ ടി നസീറിനെ ആക്രമിച്ചതിൽ പാർടിക്കാരുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല: എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

തലശേരി> സി ഒ ടി നസീറിനെ ആക്രമിച്ചതിൽ സിപിഐ എമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പാർടിയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. സത്യസന്ധമായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ല. നസീറിനെ ആക്രമിച്ച സംഭവത്തെ പാർടി അലപിക്കുകയും പാർടി നേതാക്കൾ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ‌്തതാണ‌്. പാർടിക്ക് ഒരു വിധത്തിലും ബന്ധമുള്ള സംഭവമല്ലിത‌്. തലശേരി പഴയ ബസ്‌സ്റ്റാൻഡിൽ സിപിഐ എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമവും കൊലപാതകം നടത്തി ഏതെങ്കിലും പാർടിയെ തകർക്കാനാവുമെങ്കിൽ ആദ്യം തകരേണ്ടത് സിപിഐ എമ്മാണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ്സും ബിജെപിയും കോൺഗ്രസും എത്രയെത്ര സഖാക്കളെയാണ്  കൊലപ്പെടുത്തിയത്. അക്രമവും കൊലപാതകവും നടത്തിയ ബിജെപി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും പിന്നോട്ടുപോയത് കണ്ണൂർ ജില്ലയുടെ ഭാഗമായ മണ്ഡലങ്ങളിലാണ്. ആർഎസ്എസ്സിന്റേതടക്കമുള്ള ഏകപക്ഷീയമായ കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തിയാണ് സിപിഐ എം പ്രതിരോധിച്ചത്. എന്നാൽ, ഒരാളെയും പാർടി കടന്നാക്രമിച്ചുകൂടാ. അങ്ങനെ ആരെങ്കിലും തുനിഞ്ഞാൽ അവർക്ക‌്  പാർടിയിൽ സ്ഥാനമുണ്ടാവില്ല.

ഏത് പ്രശ്‌നത്തിലും സിപിഐ എം നേതൃത്വത്തെ കടന്നാക്രമിക്കുന്ന പ്രവണതയാണ‌് കാണുന്നത‌്. മകനെതിരായ കേസിന്റെ മറവിൽ കോടിയേരിയെ കടന്നാക്രമിക്കാനാണ‌് ഇപ്പോൾ നോക്കുന്നത്. മകന്റെ കേസിന്റെപേരിൽ പാർടി സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിക്കാൻ വന്നാൽ  നേരിടും. തലശേരിയിൽ എ എൻ ഷംസീറിനെതിരെയാണ് കടന്നാക്രമണം. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top