22 October Thursday

കേരള കോൺഗ്രസ്‌ സീറ്റ്‌ കോൺഗ്രസ്‌ പിടിച്ചെടുക്കും ; പൂഞ്ഞാർ ലീഗിനുവേണം

കെ ടി രാജീവ്‌Updated: Sunday Oct 18, 2020


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 15 സീറ്റുകളും വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം തള്ളി കോൺഗ്രസ്‌ നേതൃത്വം. ജോസ്‌ കെ മാണി വിഭാഗം മുന്നണിവിട്ടതോടെ അവർ മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ഏറ്റെടുക്കാനാണ്‌ കോൺഗ്രസ്‌ തീരുമാനം. പൂഞ്ഞാർ മണ്ഡലം ലീഗും ആവശ്യപ്പെട്ടു‌.

കഴിഞ്ഞതവണ പതിനൊന്നിൽ മാണിവിഭാഗവും നാലിൽ ജോസഫ്‌ പക്ഷവുമാണ്‌ മത്സരിച്ചത്‌. ഇതിൽ രണ്ടെണ്ണമാണ്‌ ജോസഫിനുള്ളത്‌. പരമാവധി അഞ്ചോ ആറോ നൽകി ഒതുക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ തീരുമാനം. എന്നാൽ പത്തു ‌ സീറ്റെങ്കിലും പിടിച്ചുവാങ്ങിയാലേ ജോസഫ്‌ വിഭാഗത്തിന്‌ നേതാക്കളെ തൃപ്‌തിപ്പെടുത്താനാവൂ. വിവിധ സീറ്റുകളിൽ കണ്ണുവച്ചാണ്‌ ഫ്രാൻസിസ്‌ ജോർജ്‌, മാത്യു സ്‌റ്റീഫൻ, ജോണി നെല്ലൂർ, ജോസഫ്‌ എം പുതുശേരി, തോമസ്‌ ഉണ്ണിയാടൻ, ജോയി എബ്രഹാം ഉൾപ്പെടെയുള്ളവർ ചേക്കേറിയത്‌. നന്നായി വിലപേശി കൂടുതൽ സീറ്റ്‌ നേടുകയെന്ന കനത്ത വെല്ലുവിളിയാണ്‌ ജോസഫ്‌ നേരിടുന്നതും‌. ഇതിന്‌ ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങളിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.

മധ്യകേരളത്തിലെ 19 സീറ്റുകളിൽ നിലവിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്‌ണനും മാത്രമാണ്‌ കോൺഗ്രസ്‌‌ പ്രതിനിധികൾ‌. ഇടുക്കിയിലും പത്തനംതിട്ടയിലും വട്ടപൂജ്യം. കേരള കോൺഗ്രസിന്റെ മധ്യകേരളത്തിലെ ആധിപത്യം തകർക്കുകയെന്ന ലക്ഷ്യത്തിന്റെ പരിസമാപ്തികൂടിയായിരുന്നു അവരെ  പുറത്തുചാടിക്കൽ. അത്‌ വിജയിച്ചിരിക്കെ അവർ മത്സരിച്ച പല മണ്ഡലങ്ങളും പിടിച്ചെടുക്കാനാണ്‌‌ കോൺഗ്രസ്‌ നേതാക്കളുടെ നീക്കം. ഇടുക്കി, ചാലക്കുടി, ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്‌, ആലത്തൂർ, കുട്ടനാട്‌, ചങ്ങനാശേരി, കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിലാണ്‌ കോൺഗ്രസിന്‌ നോട്ടം. ഇവ ജോസഫിന്‌ നൽകാതിരിക്കാൻ സീറ്റ്‌ മോഹികളുടെ വലിയ പിന്തുണയും അവർക്കുണ്ട്‌.  തിങ്കളാഴ്‌ച പി ജെ ജോസഫുമായി കോട്ടയത്ത്‌ വീണ്ടും ചർച്ച നടത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top