13 November Wednesday

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ; യുവതിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ചെറുതോണി
നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ സൂഷിച്ചനിലയിൽ കണ്ടെത്തി. അസ്വഭാവിക മരണത്തിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തോപ്രാംകുടിയ്ക്കടുത്ത് വാത്തിക്കുടിയിലാണ് സംഭവം.  ചൊവ്വാഴ്ച വൈകിട്ടാണ് കുളിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ജന്മാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നെന്നാണ്‌ എംഎസ്‌സി വിദ്യാർഥിനിയായ യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് നിഗമനം.

ഷിമ്മിക്കവറിൽ പൊതിഞ്ഞ ശേഷം തുണിക്കടയിൽ നിന്നും ലഭിച്ച വലിയ കവറിനുള്ളിൽ പൊതിഞ്ഞ് സ്കൂൾ ബാഗിനുള്ളിലാണ് കുട്ടിയെ സൂക്ഷിച്ചിരുന്നത്. കുട്ടിയെ മറവ് ചെയ്യുന്നതിന് ആൺ സുഹൃത്തിന്റെ സഹായം തേടിയതോടെയാണ് സംഭവം പൊലീസിലേക്കെത്തുന്നത്.   ഗർഭിണിയാണെന്നറിയാതിരിക്കാൻ തുണി ഉപയോഗിച്ച് വയർ മുറുക്കിക്കെട്ടിയിരുന്നതായി പറയപ്പെടുന്നു. അതിനാലാണ്‌ വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയാതെ പോയത്. താൻ പ്രസവിച്ചെന്നും പ്രസവാവസ്ഥയിൽ മരിച്ച കുഞ്ഞിനെ മറവുചെയ്യാൻ സഹായിക്കണമെന്നും സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിശ്വസിക്കാനാവാതെ ശിശുവിന്റെ ഫോട്ടോ അയച്ചുതരാൻ ഇയാൾ ആവശ്യപ്പെട്ടു.  വാട്ട്സ്‌ആപ്പിൽ ശിശുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സുഹൃത്ത്‌ മുരുക്കാശ്ശേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസ് വീട്ടിലെത്തി ശിശുവിന്റെ മരണം സ്ഥിരീകരിച്ച്‌ കേസെടുത്തു.

രക്‌തസ്രാവത്തെ തുടർന്ന് അവശതയിലായ യുവതിയെ വനിതാ പൊലീസിന്റെ സഹായത്തോടെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. മഹസർ തയ്യാറാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്‌ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വാഴത്തോപ്പ് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഇയാൾ ഒരുമാസം മുമ്പ് ആത്മഹത്യ ചെയ്‌തെന്നുമാണ്‌ യുവതി പൊലീസിനോട്‌ പറഞ്ഞത്‌.


പ്രധാന വാർത്തകൾ
 Top