12 July Sunday

ശബരിമല വിശാലബെഞ്ച്‌: കാരണം വ്യക്തമാക്കി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020


ന്യൂഡൽഹി
ശബരിമല പുനഃപരിശോധനാഹർജികൾ പരിഗണിച്ച അഞ്ചംഗബെഞ്ച്‌, കൂടുതൽ നിയമപ്രശ്‌നങ്ങൾ കൂട്ടിച്ചേർത്ത്‌ കേസ്‌ ഒമ്പതംഗബെഞ്ചിന്‌ വിട്ട നടപടി ശരിവച്ചതിന്‌ പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി‌ സുപ്രീംകോടതി.  ഒമ്പതംഗബെഞ്ചിന്‌ വിട്ടതിനെതിരായ ഹർജികൾ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ ഫെബ്രുവരി 10ന്‌ തള്ളിയിരുന്നു. ആ ഉത്തരവിന്റെ കാരണങ്ങൾ  തിങ്കളാഴ്‌ച പുറത്തിറക്കിയ 29 പേജുള്ള വിധിന്യായത്തിൽ വിശദീകരിച്ചു. 

ഏത്‌  കേസും‌ വിശാലബെഞ്ചിന്‌ വിടാൻ സുപ്രീംകോടതി ബെഞ്ചിന്‌ അധികാരമുണ്ട്‌.  സമ്പൂർണനീതി ഉറപ്പാക്കാൻ കേസ്‌ വിശാലബെഞ്ചിന്‌ വിടേണ്ടതുണ്ടെന്ന്‌  ഉത്തമബോധ്യമുണ്ടെങ്കിൽ കൈമാറുന്നതിന്‌ തടസ്സമില്ല. വിശാലബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ട വിഷയങ്ങൾ പ്രാധാന്യമില്ലാത്തവയാണെന്ന വാദം അംഗീകരിക്കാനാകില്ല. ശിരൂർമഠം, ദർഗാകമ്മിറ്റി കേസുകളിൽ സുപ്രീംകോടതിതന്നെ പുറപ്പെടുവിച്ച ഉത്തരവുകൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ്‌ വിഷയങ്ങൾ ഒമ്പതംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌.

നവംബർ 14ന്‌ മുൻചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ്‌ 3:2 ഭൂരിപക്ഷത്തിൽ ശബരിമല പുനഃപരിശോധനാഹർജികൾ ഒമ്പതംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌. ജനുവരി ഏഴിന്‌  ഒമ്പതംഗബെഞ്ച്‌ രൂപീകരിച്ചു. ഇവർ പരിഗണനാവിഷയങ്ങൾ രൂപീകരിക്കുന്ന അവസരത്തിലാണ്‌  ഫാലി എസ്‌ നരിമാൻ ഉൾപ്പെടെയുള്ളവർ വിശാലബെഞ്ചിനെ എതിർത്തത്‌. ഇതേത്തുടർന്നാണ്‌ സുപ്രീംകോടതിയുടെ കാരണം വ്യക്തമാക്കൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top