20 September Friday
കേരളത്തിൽ പുഷ്‌പഗ്രാമങ്ങൾ

സംസ്ഥാനത്തെ "പൂങ്കാവനമാക്കാൻ പദ്ധതി

വി എം രാധാകൃഷ്ണൻUpdated: Wednesday Sep 11, 2019


തൃശൂർ
കേരളത്തെ പൂച്ചെടികൾകൊണ്ട് സമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതി. കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. വയനാട് അമ്പലവയലിൽ ആരംഭിക്കുന്ന കാർഷിക കോളേജിന്റെ 50 ഏക്കർ ക്യാമ്പസ് പൂകൃഷിയുടെ ആസ്ഥാനമാക്കും. പുഷ്പകൃഷി (ഫ്ളോറി കൾച്ചർ) ഒരു വർഷത്തിനുള്ളിൽ നാടാകെ  വ്യാപിപ്പിച്ച് കേരളത്തെ പൂവുൽപ്പാദനത്തിലും വിപണനത്തിലും മുൻപന്തിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എസ് സുനിൽകുമാർ ദേശാഭിമാനിയോടു  പറഞ്ഞു.

പൂകൃഷിയുടെ 20 ശതമാനം സാധ്യത മാത്രമാണ് ഇപ്പോൾ കേരളം പ്രയോജനപ്പെടുത്തുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടുതൽ പുഷ്പ ഫാമുകൾ തുടങ്ങി. സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിച്ചു. എന്നാൽ, ഓണംപോലുള്ള അവസരങ്ങളിൽ തമിഴ്നാട് ലോബിയാണ് കേരളത്തിലെ പുഷ്പവിപണി നിയന്ത്രിക്കുന്നത്. സാധാരണദിവസങ്ങളിലും ലോഡ് കണക്കിന് പൂക്കൾ പുറമെനിന്നെത്തുന്നു. കേരളത്തിനാവശ്യമായ പൂക്കൾ ഇവിടെ  ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

എൽഡിഎഫ് സർക്കാർ പൂകൃഷി പ്രോത്സാഹിപ്പിക്കാൻ ‘പൂപ്പൊലി’ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.  അമ്പലവയലിലെ കാർഷിക സർവകശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രത്തിൽ ഇറക്കിയ പൂന്താട്ടത്തിൽ വർഷം തോറും ഊട്ടി മോഡലിലുള്ള ഫ്ളവർ ഷോ നടത്തുന്നുണ്ട്. വ്യാപകമായ അംഗീകാരമാണ് ഇതിനു കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കാർഷികസർവകലാശാലയ്ക്കു കീഴിലുള്ള കാർഷിക കോളേജായി ഇതിനെ ഉയർത്തിയിരിക്കയാണ്. ഈ കോളേജിന്റെ   ക്യാമ്പസിൽ  അടുത്ത മാസത്തോടെ കൃഷിയിറക്കൽ പൂർത്തിയാകും. നിലവിൽ പൂകൃഷിയുടെ ലോക ആസ്ഥാനം നെതർലൻഡ്സാണ്. ആവശ്യമായ സാങ്കേതിക സഹായത്തിനായി നെതർലൻഡ്സ് സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്.  നെതർലൻഡ്സ് ഫ്ളോറികൾച്ചർ വിദഗ്ധർ അടുത്ത മാസം കേരളം സന്ദർശിക്കും.

തുടർന്ന് കൃഷിവകുപ്പ് പ്രാദേശിക തലത്തിൽ പൂകൃഷി വ്യാപിപ്പിക്കും. പുഷ്പകൃഷിക്ക് കർഷകർക്ക് കഴിയാവുന്ന സഹായമെല്ലാം നൽകും. കേരളത്തിൽ നിരവധി "പുഷ്പഗ്രാമങ്ങൾ' ഉണ്ടാക്കിയെടുക്കും. പുഷ്പകൃഷി വ്യാപനം മാത്രമല്ല, വിളവെടുപ്പ്, പാക്കിങ്, കയറ്റുമതി എന്നിവയും വർധിപ്പിക്കും. പൂക്കളിൽ ഹൈബ്രീഡ് ഇനങ്ങൾക്ക് കൂടുതൽ പ്രധാാന്യം നൽകും. മുല്ലപോലെ, എല്ലാവിധ നാട്ടുചെടികളും കാട്ടുചെടികളും കൃഷിയിറക്കാനും ശ്രമിക്കും. ബംഗളൂരുവിലെ പൂക്കളുടെ ട്രേഡിങ് സെന്ററുകൾപോലെ കേരളത്തിലും തുടങ്ങാനാവണം. അടുത്ത ഓണത്തോടെ പുഷ്പകൃഷിയിലും ഉൽപ്പാദനത്തിലും വലിയ പുരോഗതിയുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top