13 June Sunday

കൊടിനിറത്തിനപ്പുറം ഉയർന്നു ഇവരുടെ മനുഷ്യസ്‌നേഹം ; കോവിഡ്‌ ബാധിച്ച ബിജെപി പ്രവർത്തകന്റെ രക്ഷകരായി ഡിവൈഎഫ്ഐ

എസ്‌ നന്ദകുമാർUpdated: Monday May 10, 2021

ഡിവൈഎഫ്ഐ പ്രവർത്തകരായ സുരേഷ്, തേജസ്സ്, സന്ദീപ് എന്നിവർ


പെരുവെമ്പ്
കൺമുന്നിൽ വീണുകിടന്നയാളെ രക്ഷിക്കുക മാത്രമായിരുന്നു ആ ചെറുപ്പക്കാരുടെ മനസ്സിൽ. ജാതിയോ മതമോ കൊടിയുടെ നിറമോ അവർ നോക്കിയില്ല. ഓടിക്കൂടിയവർ കോവിഡിനെ ഭയന്ന്‌ രണ്ടടി പിന്നോട്ടുവച്ചപ്പോൾ മൂന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ഷാദൗത്യം ഏറ്റെടുത്തു. സമയോചിത ഇടപെടലിൽ ഇവർ രക്ഷിച്ചത്‌ പാലക്കാട്‌ പെരുവെമ്പിലെ സജീവ ബിജെപി പ്രവർത്തകൻ ഇല്ലിയം കാട്ടിൽ വിഭൂഷിന്റെ ജീവനാണ്.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ കെ സന്ദീപ്, ആർ തേജസ്, എം സുരേഷ്‌ എന്നിവരാണ്‌ അതിജീവനത്തിന്റെ പോരാട്ടത്തിൽ മാതൃകയായത്‌. വീട്ടിൽ കോവിഡ്‌ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ  കുഴഞ്ഞു വീണ വിഭൂഷിനെ താങ്ങിയെടുത്ത്‌  അവർ ആശുപത്രിയിലേക്ക്‌ കുതിച്ചു. ആംബുലൻസിനെ കാത്തുനിൽക്കാതെ പഞ്ചായത്തംഗം കൂടിയായ  എം സുരേഷിന്റെ ഓമ്നി വാനിലാണ് ആശുപത്രിയിൽ എത്തിച്ചത്. പരമാവധി വേഗത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചതോടെയാണ്‌  ജീവൻ രക്ഷിക്കാനായത്‌. 

കോവിഡ്‌ പോസിറ്റീവായി ഒരാഴ്‌ചയായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വിഭൂഷ്‌ ഞായറാഴ്‌ച പകൽ പന്ത്രണ്ടോടെയാണ് കുഴഞ്ഞു വീണത്. ഭാര്യ അജനയുടെയും ബന്ധുക്കളുടെയും നിലവിളി കേട്ടിട്ടും നാട്ടുകാർ  വിഭൂഷിന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കിയില്ല. 

ഇതിനിടെ നാട്ടുകാരിൽ ഒരാൾ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ സന്നദ്ധ സേനയിലേക്ക് വിവരമറിയിച്ചു. തുടർന്ന്‌ പിപിഇ കിറ്റ്‌ ധരിച്ചെത്തിയ സന്ദീപും തേജസും ആംബുലൻസിന് കാത്തു നിൽക്കാതെ പഞ്ചായത്തംഗമായ   സുരേഷിന്റെ ഓമ്നി വാനിൽ   ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിഭൂഷ്‌ അത്യാസന്ന നിലയിലായതിനാൽ സുരേഷിന് പിപിഇ കിറ്റ് ധരിക്കാൻ പോലും സമയം കിട്ടിയില്ല.   തിരികെ വീട്ടിലെത്തിയ മൂവരും സ്വയം നിരീക്ഷണത്തിലേക്ക് മാറി.

ബിജെപി പ്രവർത്തകനാണ് വിഭൂഷ്.  രാഷ്‌ട്രീയ വ്യത്യാസങ്ങളെല്ലാം  മാറ്റി  യഥാർഥ മനുഷ്യ സ്‌നേഹികളാവുകയാണ്‌ ഈ ചെറുപ്പക്കാർ.  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പെരുവെമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് ബിജെപി സ്ഥാനാർഥിയായിരുന്നു വിഭൂഷിന്റെ ഭാര്യ അജന. പെരുവെമ്പ് ചുങ്കക്കുന്നത്ത് ഒാട്ടോ ഡ്രൈവറാണ് വിഭൂഷ്.

പ്രളയം, കോവിഡ് ഒന്നാം ഘട്ടം തുടങ്ങിയ സമയങ്ങളിൽ നാട്ടിൽ സജീവ സന്നദ്ധ പ്രവർത്തനത്തിന് മുൻ നിരയിൽ ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ മൂവരും  .  ഡിവൈഎഫ്ഐ പുതുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റായ എം സുരേഷ് പെരുവെമ്പ് പഞ്ചായത്ത് അംഗമാണ്. ഡിവൈഎഫ്ഐ പെരുവെമ്പ്  ഈസ്റ്റ് മേഖല സെക്രട്ടറിയായ സന്ദീപ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വെസ്റ്റ് മേഖല ട്രഷറർ ആർ തേജസ്‌ യുവ കർഷകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top