തൃശൂർ
സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന് തൃശൂരിൽ തുടക്കമായി. കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പത്തു ദിവസം പത്ത് നാടകങ്ങളാണ് സംഗീതനാടക അക്കാദമി
കെ ടി മുഹമദ് സ്മാരക തിയറ്ററിൽ അരങ്ങേറുക. ഞായറാഴ്ച കൊല്ലം ആവിഷ്കാരയുടെ അക്ഷരങ്ങൾ അരങ്ങേറി. തിങ്കളാഴ്ച ഓച്ചിറ നാടകരംഗത്തിന്റെ 'ഇവൻ നായിക' നാടകം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. 11ന് സമാപിക്കും.
വർത്തമാനകാല സാമൂഹിക യാഥാർഥ്യങ്ങളിൽ നാടകത്തിന്റെ പ്രസക്തി ഏറിയിരിക്കയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സമൂഹത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ നാടകത്തിന് കഴിയും. നമുക്കുമുന്നിലുള്ള യഥാർഥ ശത്രു ആരെന്ന് നാടകം നമ്മെ ബോധ്യപ്പെടുത്തുന്നതിനാൽ നാടകം കൂടുതൽ ജനകീയമാക്കണം. കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യെന്ന നാടകം സമൂഹത്തിൽ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പക്ഷേ, വർത്തമാനകാലത്ത് അത് കാണാനാകുന്നില്ല _ മന്ത്രി പറഞ്ഞു. സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത അധ്യക്ഷയായി.
വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് സംസാരിച്ചു. സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ സ്വാഗതവും ഭരണസമിതിയംഗം വി ഡി പ്രേംപ്രസാദ് നന്ദിയും പറഞ്ഞു.