28 November Saturday

തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പ്ലാസ്റ്റിക്‌ വേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌. മണ്ണിൽ അലിഞ്ഞുചേരുന്ന പരിസ്ഥിതി സൗഹൃദവസ്തുക്കൾമാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് പേപ്പർ, നൂല്‌, റിബൺ എന്നിവ ഉപയോഗിക്കരുത്‌. ബോർഡുകൾ, ബാനർ, ഹോർഡിങ്ങുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതും നീക്കംചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. വോട്ടെടുപ്പ് അവസാനിച്ചാലുടൻ അതത് സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും പ്രചാരണസാമഗ്രികൾ നീക്കംചെയ്യണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപന സെക്രട്ടറി നീക്കംചെയ്ത് ചെലവ് സ്ഥാനാർഥിയിൽനിന്ന്‌  ഈടാക്കും.

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ കോട്ടൺ തുണി, പേപ്പർ, പോളി എത്‌ലിൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുനഃചംക്രമണം ചെയ്യാവുന്ന മറ്റു വസ്തുക്കളും ഉപയോഗിക്കണം. ഹൈക്കോടതിയും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു.

തെരഞ്ഞെടുപ്പു പരസ‍്യത്തിനൊപ്പം ചുമതലപ്പെട്ട വ‍്യക്തിയുടെ പേരും സ്ഥാനപ്പേരും ചേർക്കണം. മറ്റ്‌ സ്ഥാനാർഥിയുടെ പരസ‍്യം മറയ്ക്കുന്ന രീതിയിൽ പരസ‍്യം സ്ഥാപിക്കരുത്‌. അധിക്ഷേപകരവും പ്രകോപനപരവുമായ പരാമർശങ്ങൾ പാടില്ല. കൊലപാതക ദൃശ‍്യങ്ങൾ ഉൾപ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങൾ പ്രദർശിപ്പിക്കരുത്‌. മതവികാരം ഉണർത്താനോ വ്രണപ്പെടുത്താനോ പാടില്ല. നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്കു കുറുകെയും മറ്റും വാഹനങ്ങൾക്കും -കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും മാർഗതടസ്സം ഉണ്ടാക്കുന്ന രീതിയിൽ പരസ‍്യം സ്ഥാപിക്കരുത്‌. അധികൃതരുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ വൈദ്യുതി–-ടെലിഫോൺ പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ പരസ‍്യം സ്ഥാപിക്കരുത്‌. വോട്ടെടുപ്പിനുശേഷം പോളിങ്‌ സ്റ്റേഷനുകളിൽ ശേഷിക്കുന്ന പേപ്പറുകളും മറ്റും നീക്കംചെയ്യാനുള്ള ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top