31 March Tuesday

‘കേന്ദ്രം കർഷകനെ കൃഷിയിൽനിന്ന്‌ അകറ്റുന്നു’ : ഹന്നൻമൊള്ള

ജയന്‍ ഇടയ്ക്കാട്Updated: Sunday Feb 23, 2020


എം കെ ഭാസ്‌കരൻ നഗർ (കൊല്ലം)
കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്‌ടിച്ച്‌ കർഷകനെ അകറ്റുന്നതാണ്‌ കേന്ദ്രസർക്കാരിന്റെ നയമെന്ന്‌ അഖിലേന്ത്യാ  കിസാൻസഭ ജനറൽ‌ സെക്രട്ടറിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ ഹന്നൻമൊള്ള പറഞ്ഞു. കൃഷി നഷ്ടത്തിലായതിനാൽ ഈ മേഖലയിൽനിന്ന്‌ കർഷകർ പിന്മാറിക്കൊണ്ടിരിക്കുകയാണ്‌.- കൊല്ലത്ത്‌ കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ എത്തിയ അദ്ദേഹം ‘ദേശാഭിമാനി’ക്ക്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

കാർഷികമേഖലയിലെ  കേ‌ന്ദ്രനയങ്ങൾ കോർപറേറ്റുകളുടെ ലാഭം മാത്രം ലക്ഷ്യമാക്കിയാണ്‌. കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി കൂട്ടിയും കയറ്റുമതി കുറച്ചും കോർപറേറ്റ്‌ പ്രീണനമാണ്‌ കേന്ദ്രത്തിന്‌. ആർസിപിഇ കരാറോടെ ഇത്‌ രൂക്ഷമായി. കോർപറേറ്റ്‌ പ്രീണന നയത്തിനെതിരെ ഇടതുപക്ഷമാണ്‌ മുന്നോട്ടുവരുന്നത്‌. സബ്‌സിഡി പൂർണമായും നിർത്തലാക്കുകയാണ്‌. രാജ്യത്ത്‌ ഭൂരഹിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.  ഭൂമിയിൽനിന്ന്‌ നേട്ടം  കൊയ്യുന്നത്‌ വൻകിട ഭൂവുടമകളാണ്‌. തോട്ടങ്ങളും വലിയ പാടങ്ങളും ഇവർക്ക്‌ സ്വന്തമാണ്‌.  

ഉൽപ്പാദനച്ചെലവ്‌ കൂടുതലും വിലക്കുറവുമാണ്‌ കാർഷികമേഖല നേരിടുന്ന പ്രധാനപ്രതിസന്ധി. ബാങ്കുകൾ  കുറഞ്ഞ പലിശനിരക്കിൽ കാർഷിക വായ്‌പ നൽകുന്നത്‌ വൻകിടക്കാർക്ക്‌ മാത്രമാണ്‌. അതിനാൽ സ്വകാര്യപണമിടപാടുകാരെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്‌ സാധാരണ കർഷകർ.  കാർഷികോൽപ്പന്നങ്ങളുടെ  ഇറക്കുമതി  നിയന്ത്രിക്കാൻ ‌കേ‌‌ന്ദ്രം  തയ്യാറാകണം. സ്വാമിനാഥൻ കമീഷൻ നിർ‌ദേശിച്ചപ്രകാരം ഉൽപ്പന്നങ്ങൾക്ക്‌ വിലനൽകാൻ  സർക്കാർ തയ്യാറാകണം. ഉൽപ്പദന ചെലവും ഒപ്പം 50 ശതമാനം ലാഭവുമാണ്‌ കമീഷന്റെ ശുപാർശ.  ഉൽപ്പന്ന‌ം സർക്കാർ സംഭരിച്ചാൽ  കാർഷിക മേഖല  വളരും. കേരളം ഇക്കാര്യത്തിൽ മാതൃകയാണ്‌. 

പ്രകൃതിക്ഷോഭത്തിന്‌  നഷ്ടപരിഹാരം അനുവദിക്കുമ്പോൾ  അർഹരായ കർഷകർ പുറന്തള്ളപ്പെടുന്നു.  ഭൂവുടമകളായ വൻകിടക്കാർക്കാണ്‌ ഇതിന്റെ ഗുണമുണ്ടാകുന്നത്‌. കാർഷികവൃത്തിയെ ആശ്രയിക്കുന്ന  ഭൂരഹിതർക്ക്‌ ഭൂമിയും പാർപ്പിടവും നൽകണം. കർഷകർക്ക്‌ 5000 രൂപയെങ്കിലും പെൻഷൻ അനുവദിക്കണം. കോർപ‌റേറ്റുകളുടെ ‌‌കോടികളുടെ കടം എഴുതിത്തള്ളുന്ന സർക്കാർ പാവ‌പ്പെട്ടവനെ കട‌ക്കെണിയിലാക്കുകയാണ്‌.  കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ കാർഷികരംഗത്ത്‌ നടപ്പാക്കുന്ന നടപടികൾ രാജ്യത്ത്‌ വേറിട്ടുനിൽക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്ക്‌  മാതൃകയാണിത്‌–- ഹന്നൻ‌മൊള്ള പറഞ്ഞു.


പ്രധാന വാർത്തകൾ
 Top