28 November Saturday

ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ല; കേന്ദ്രം കടുത്ത നിരാശയിൽ ; പ്രതികളുടെ ലക്ഷ്യം ഇനിയും അറിയില്ലെന്ന്‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


കൊച്ചി
സ്വർണക്കടത്ത്‌ കേസന്വേഷണത്തിൽ വീഴ്‌ചയെന്ന കേന്ദ്രമന്ത്രാലയങ്ങളുടെ കണ്ടെത്തലിനുപിന്നിൽ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിന്റെ നിരാശയെന്ന്‌ വിലയിരുത്തൽ. കേന്ദ്ര ഏജൻസികളെ ഒന്നാകെ അന്വേഷണത്തിന്‌ നിയോഗിച്ചതോടൊപ്പം കേസ്‌ നടത്തിപ്പിന്‌ തങ്ങളുടെ വിശ്വസ്‌ത മിത്രങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും ലക്ഷ്യമിട്ട രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ കഴിയാത്തതിനാലാണ്‌‌ കേന്ദ്ര ആഭ്യന്തര–-നിയമ മന്ത്രാലയങ്ങൾക്ക്‌ നിരാശ. സ്വർണക്കടത്ത്‌ അന്വേഷണ ഏജൻസികൾക്ക്‌ രഹസ്യ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയതോടൊപ്പം കേസുകളുടെ ഏകോപന ചുമതല അഡീഷണൽ സോളിസിറ്റർ ജനറലിനും‌ കേന്ദ്രം കൈമാറിയിട്ടുണ്ട്‌‌.

കേസിന്റെ തുടക്കംമുതൽ അന്വേഷണം വഴിതെറ്റിക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചു‌. കേസ്‌ സംസ്ഥാന സർക്കാരിലേക്ക്‌ എത്തിക്കാൻ അന്വേഷണ ഏജൻസികൾക്കുമേൽ കനത്ത സമ്മർദമുണ്ട്‌. എന്നാൽ തക്ക തെളിവ്‌ ലഭിച്ചിട്ടുമില്ല. അതിനാൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു എന്ന പ്രതീതി പരത്താനാണ്‌ അന്വേഷണ വിവരങ്ങളും പ്രതികളുടെ മൊഴികളും സംഘം മാധ്യമങ്ങൾക്ക്‌ ചോർത്തുന്നത്‌. മൊഴി ചോരുന്നതിനെതിരെ പ്രതികളിലൊരാൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്‌.

എൻഐഎ കേസിൽ പോലും ജാമ്യം
എൻഐഎ അന്വേഷിച്ച കേസിൽ പത്തു പ്രതികൾ ഒരേദിവസം ജാമ്യം നേടിയതും തിരിച്ചടിയായി. യുഎപിഎ ചുമത്തിയ കേസിൽ ഇത്രയും പ്രതികൾക്ക്‌ ഒന്നിച്ച്‌ ജാമ്യം കിട്ടുന്നത്‌ ആദ്യമാണ്‌. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അസി. സോളിസിറ്റർ ജനറൽ നേരിട്ട്‌ ഹാജരായിട്ടും പ്രോസിക്യൂഷന്‌  ഉത്തരംമുട്ടി. വിദേശത്തുള്ള പ്രതികളിലേക്കും കോൺസുലേറ്റിലേക്കും അന്വേഷണമെത്തിക്കാൻ എൻഐഎക്ക്‌ കഴിയാത്തതാണ്‌ ഒരു കാരണം. അതിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായം കിട്ടുന്നില്ല. 

കസ്‌റ്റംസിനും എൻഫോഴ്‌സ്‌മെന്റിനും മേലാണ്‌ ബിജെപി നേതൃത്വത്തിന്റെ പരസ്യ ഇടപെടലുള്ളത്‌. ഏറ്റവുമൊടുവിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനവും പിന്നാലെ എം ശിവശങ്കറിനെ അറസ്‌റ്റുചെയ്യാൻ കസ്‌റ്റംസ്‌ നടത്തിയ നാടകവും ഇതിന്‌ ഉദാഹരണമാണ്‌.


 

പ്രതികളുടെ ലക്ഷ്യം ഇനിയും അറിയില്ലെന്ന്‌ എൻഐഎ
സ്വർണക്കടത്ത്‌ കേസിലെ പ്രതികളുടെ യഥാർഥ ലക്ഷ്യം എന്താണെന്ന്‌ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന്‌ എൻഐഎ. രണ്ടുപ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത്‌ അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറലാണ്‌ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയെ ഇങ്ങനെ അറിയിച്ചത്‌.

ഭീകരവാദ സംഘടനകൾക്ക്‌ പണമെത്തിക്കലാണ്‌ സ്വർണക്കടത്തിന്റെ ലക്ഷ്യമെന്നും രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ തകർക്കുമെന്നുമായിരുന്നു ഇതുവരെ അന്വേഷണ ഏജൻസി പറഞ്ഞുകൊണ്ടിരുന്നത്‌.  കള്ളക്കടത്തുകാരൻ ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം നൂറുദിവസത്തിലേറെ പിന്നിട്ടിട്ടും തെളിവൊന്നും കിട്ടാതെവന്നപ്പോൾ കേസന്വേഷണം നീട്ടാനുള്ള എൻഐഎയുടെ ഗൂഡനീക്കമാണ്‌ പുതിയവെളിപ്പെടുത്തലിന്‌്‌ പിന്നിലെന്ന്‌ കരുതുന്നു.

കൂടുതൽ സമയം വേണ്ടിവരും
പ്രതികളുടെ യഥാർഥ ഉദ്ദേശ്യമെന്തെന്നതിന്റെ തെളിവുകൾ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന്‌ ജാമ്യാപേക്ഷയെ എതിർത്ത്‌ ഓൺലൈനിൽ ഹാജരായ അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ പറഞ്ഞു. എൻഐഎയുടെ അന്വേഷണം നിർണായകഘട്ടത്തിലാണ്‌. ഇക്കാര്യത്തിൽ  ഊഹാപോഹങ്ങളെ ആശ്രയിക്കാനാകില്ല. തെളിവുകൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്‌. കൂടുതൽ സമയം വേണ്ടിവരുമെന്നും  അദ്ദേഹം പറഞ്ഞു.

കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്‌ തെളിയിക്കാൻ എൻഐഎക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ പ്രതിഭാഗം ചൂണ്ടിക്കാട്ടി. സ്വർണം വാങ്ങിയെങ്കിലും പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്‌ച വിധി പറയും.

സ്വർണക്കടത്ത്‌ കേസ്‌ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങൾക്ക്‌ തെളിവ്‌ എവിടെ എന്ന്‌ നേരത്തെ പത്തുപ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച്‌ കോടതി എൻഐഎയോട്‌ ആരാഞ്ഞിരുന്നു. 

പ്രതികൾ എൻഐഎ കസ്‌റ്റഡിയിൽ
പ്രതികളായ പി എസ്‌ സരിത്, കെ ടി റമീസ്‌, എ എം ജലാൽ എന്നിവരെ ചോദ്യം ചെയ്യാനായി രണ്ട്‌ ദിവസത്തേക്ക്‌ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. സന്ദീപ്‌ നായരുടെ കുറ്റസമ്മത മൊഴിയിൽ മൂന്നുപേർക്കുമെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ തേടാനാണ്‌ മൂന്നുപേരെയും കസ്‌റ്റഡിയിൽ വാങ്ങിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top