18 August Sunday

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ; വയനാട്ടിൽ കോൺഗ്രസ് പ്രതിരോധത്തിൽ

വി ജയിൻUpdated: Sunday Apr 14, 2019


കൽപ്പറ്റ
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന ആക്രമണങ്ങളെ അപലപിക്കാതെ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരോക്ഷമായി സഹായിക്കുന്ന  കോൺഗ്രസ് വയനാട്ടിൽ പ്രതിരോധത്തിൽ. രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്ലിംലീഗ് പ്രവർത്തകർ വീശിയ പച്ചക്കൊടി ചൂണ്ടിക്കാട്ടി, വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കണ്ടാൽ അത് പാകിസ്ഥാനാണെന്ന് തോന്നുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. വയനാടിനെ അപമാനിക്കുന്ന ഈ പ്രസ്താവനയെ ശക്തിയായി എതിർക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടുവരാത്തത് മുസ്ലിംലീഗുകാരെയും നിരാശരാക്കി. ന്യൂനപക്ഷങ്ങളോട് കോൺഗ്രസ് കുറേക്കാലമായി സ്വീകരിക്കുന്ന നിസ്സംഗ മനോഭാവത്തിന്റെ ഭാഗമാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ മൗനമെന്ന ശക്തമായ വിമർശനമാണ് വയനാട്ടിൽ ഉയരുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്കുനേരേ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധമുയർത്താൻ കോൺഗ്രസ് തയ്യാറാകാതിരുന്നത് മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചാ വിഷയമായി. വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച്  യുപിയിൽ  മുഹമ്മദ് അഖ്‌ലാഖ‌് എന്ന വൃദ്ധനെ തല്ലിക്കൊന്നു. പെരുന്നാളിന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന ജുനൈദ് എന്ന കൗമാരക്കാരനെ ഡൽഹിക്കു സമീപം സംഘപരിവാറുകാർ തല്ലിക്കൊന്നു. ഇങ്ങനെ നിരവധി ആക്രമണങ്ങൾ നടന്നു. ശക്തമായ ഒരു പ്രസ്താവനപോലും കോൺഗ്രസ് പുറപ്പെടുവിച്ചില്ല.

മുഹമ്മദ് അഖ് ലാഖിന്റെ വീട്ടിലും ജുനൈദിന്റെ വീട്ടിലും ആശ്വാസവാക്കുകളുമായി സിപിഐ എം നേതാക്കൾ പോയി. ജുനൈദിന്റെ മാതാപിതാക്കളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും സംസ്ഥാന സർക്കാർ 10 ലക്ഷംരൂപ ധനസഹായം നൽകുകയും ചെയ്തു. കോൺഗ്രസ് നേതൃത്വമാകട്ടെ നിസ്സംഗത പാലിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ കോൺഗ്രസ് കാട്ടുന്ന ഈ നിസ്സംഗത ബോധപൂർവമാണെന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. മൃദു ഹിന്ദുത്വ സമീപനമെടുത്ത് ബിജെപിയോട് മത്സരിക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.

കേരളത്തിൽപ്പോലും ബീഫ് കഴിക്കുന്നവരെ ആക്രമിക്കുമെന്ന് സംഘപരിവാർ ഭീഷണി മുഴക്കി. അതിനെതിരെ ശക്തമായി പ്രതികരിച്ചത് ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകളാണ്. ബീഫ് ഫെസ്റ്റുകളെ പരിഹസിക്കുകയായിരുന്നു അപ്പോൾ കോൺഗ്രസ്. ഭക്ഷണ സ്വാതന്ത്ര്യത്തെ തടഞ്ഞാലും കോൺഗ്രസ് പ്രതികരിക്കില്ലെന്ന അനുഭവം കേരളത്തിന്റെ മുന്നിലുണ്ട്.

വയനാട്ടിൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികളിൽ ലീഗിന്റെ കൊടി അധികം വേണ്ടെന്ന കോൺഗ്രസിന്റെ നിർദേശം വലിയ അതൃപ്തിയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയും സംരക്ഷണവുമല്ല, ന്യൂനപക്ഷ വിരോധത്തിൽ തങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള ത്വരയാണ് കോൺഗ്രസിന് പ്രധാനമെന്നും അനുദിനം തെളിഞ്ഞുവരികയാണ്. തങ്ങളുടെ മതനിരപേക്ഷമുഖം വികൃതമാക്കി വയനാട്ടിലെ വോട്ടർമാർക്കു മുന്നിൽ കുറ്റവാളിയെപ്പോലെ നിൽക്കുകയാണ് കോൺഗ്രസ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top