18 September Saturday

പെരുനാട്‌ പഞ്ചായത്ത്‌ 1 കോടി കരുതൽ സഹായനിധി സമാഹരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
പത്തനംതിട്ട
കോവിഡ്‌ പ്രതിരോധം ഊർജിതമാക്കാൻ പെരുനാട്‌ പഞ്ചായത്തും പഞ്ചായത്ത്‌ കൺസോർഷ്യവും പഞ്ചായത്ത്‌ വികസന സമിതിയും ചേർന്ന്‌ കോവിഡ്‌ കരുതൽ സഹായനിധിയായി ഒരു ദിവസംകൊണ്ട്‌ ഒരു കോടി രൂപ സമാഹരിക്കും. ആഗസ്ത്‌ ഏഴിനും എട്ടിനുമാണ്‌ നിധി സമാഹരണം. 
കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാനായി നാട്ടുകാരുടെയും ശബരിമല തീർഥാടകരുടെയും ആരോഗ്യ ശുചിത്വ കാര്യങ്ങൾ ലക്ഷ്യമാക്കിയാണ്‌ കരുതൽനിധി ശേഖരിക്കുന്നത്‌. അഡ്വ. പ്രമോദ്‌ നാരായൺ എംഎൽഎ, റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ്‌ ഗോപി എന്നിവർ രക്ഷാധികാരികളായി പെരുനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ്‌ മോഹനൻ ചെയർമാനായ കമ്മിറ്റിക്കാണ്‌ മേൽനോട്ട ചുമതല. ആരോഗ്യരംഗത്തെ മുന്നേറ്റത്തിനായി ജീവൻ ആരോഗ്യ പദ്ധതിയും(കരുതൽ) ശുചിത്വ ലക്ഷ്യങ്ങൾക്കായി  ക്ലീൻ പെരുനാട്‌ പദ്ധതിയും വിദ്യാഭ്യാസ മേഖലയിൽ ഇ–- ഗുരു (ഹൈടെക്‌ ടീച്ചർ) പദ്ധതിയും നടപ്പാക്കും. 
ജൂൺ 17ന്‌ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ ചേർന്ന റാന്നി ബ്ലോക്ക്‌ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ചേർന്നാണ്‌ പഞ്ചായത്തുകളുടെ കൺസോർഷ്യം രൂപീകരിച്ചത്‌. ആഗസ്ത്‌ ഏഴ്‌, എട്ട്‌ തീയതികളിൽ പ്രവർത്തകർ വീടുകൾ സന്ദർശിച്ച്‌ ധനസമാഹരണം നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top