18 September Wednesday

റാന്നി പഴവങ്ങാടിക്കര സഹ. ബാങ്കിന്‌ ഭീമമായ ബാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
റാന്നി
 പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്കിൽ മുൻ ഭരണസമിതിയുടെ കാലത്ത്  ഭീമമായ ബാധ്യത ഉണ്ടാക്കിയതായി സൂചന.  ഭരണസമിതിയംഗങ്ങളും  ബന്ധുക്കളും ചേർന്ന് മതിയായ ഈടില്ലാതെ വായ്പയെടുത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. പാവപ്പെട്ട കർഷകർക്ക് ആശ്വാസമാകേണ്ട  സബ്സിഡി ലഭിക്കുന്ന  കാർഷിക വായ്പയും ഇവർ തന്നെ തട്ടിയെടുത്തതായാണ് അറിയുന്നത്‌. 
   കാൽ നൂറ്റാണ്ടിലധികം ബാങ്ക് പ്രസിഡന്റായിരുന്ന ഏബ്രഹാം മാമ്മനും കുടുംബാംഗങ്ങളും ചേർന്ന് വായ്പയെടുത്തത് 120 ലക്ഷം രൂപയിലധികം. ഇതുകൂടാതെ 20 ലക്ഷം രൂപയിലധികം പലിശയിനത്തിൽ ബാങ്കിന് നൽകാനുണ്ട്. മറ്റൊരു ഡയറക്ടർ ബോർഡ് അംഗമായിരുന്ന അനിത അനിൽകുമാറും കുടുംബവും 115 ലക്ഷം രൂപയിലധികം വായ്പയെടുത്തിട്ടുണ്ട്. 14 ലക്ഷത്തോളം രൂപ പലിശയിനത്തിൽ അടയ്ക്കാനുമുണ്ട്. ഡയറക്ടർ ബോർഡംഗമായ പ്രകാശ് തോമസ് 170 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ പലിശ അടയ്ക്കനുണ്ട്. മറ്റൊരംഗമായ അരുൺ എസ് നായർ 88 ലക്ഷത്തോളം രൂപ വായ്പയെടുത്തു. 10 ലക്ഷത്തോളം രൂപ പലിശ അടയ്ക്കാനുണ്ട്. 
      ഏബ്രഹാം മാമ്മൻ നേതൃത്വം നൽകിയ ബാങ്ക് ഭരണസമിതിയുടെ തട്ടിപ്പുകൾ അഡ്മിനിസ്ട്രേറ്റർ ഭരണം വന്നതോടെയാണ് പുറത്തായി തുടങ്ങിയത്. 2013 ലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന് ഉറപ്പായ ഏബ്രഹാം മാമ്മനും സംഘവും മറ്റാരും അറിയാതെ സഹകരണ നിയമവും ചട്ടവും ലംഘിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് നടത്തിയതായി രേഖയുണ്ടാക്കിയാണ് അധികാരത്തിലേറിയത്. ഇതിനെതിരേ സിപിഐ എം പഴവങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ സുരേന്ദ്രൻ , ലോക്കൽ കമ്മിറ്റിയംഗം മോനായി പുന്നൂസ് എന്നിവർ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അടക്കം വിവിധ കോടതികളിൽ 5 വർഷം അഞ്ചോളം കേസുകളാണ് നടത്തിയത്. അന്തിമ കോടതിവിധിയുടെ  അടിസ്ഥാനത്തിലാണ് ഭരണസമിതി പിരിച്ചുവിടുകയും കഴിഞ്ഞ 9 മാസമായി അഡ്മിനിസ്ട്രേറ്റർ ഭരണം നടപ്പാക്കുകയും ചെയ്തത്.  തട്ടിപ്പിന്റെ  യഥാർഥ രൂപം പുറത്തുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top