16 September Monday
ജനശ്രീ തട്ടിപ്പ്‌

കാശുവാങ്ങി, ബുക്കിൽ പതിച്ചു; ബാങ്കിൽ അടച്ചില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 കോഴഞ്ചേരി

അയിരൂരിൽ കൈതക്കോടി താഴത്തേതിൽ പ്രീതാ വിനോദ് ജനശ്രീയുടെ മൈക്രോഫിനാൻസായ ജീവൻ മധുരയിൽ മൂന്നു വർഷം കൃത്യമായി പണമടച്ചു. എല്ലാ മാസവും ജില്ലാ ഓഫീസിൽ എത്തി അടയ്‌ക്കുമ്പോൾ  
 തുക ബുക്കിൽ എഴുതി സീലുവച്ചു കിട്ടിയിരുന്നു. ഏജന്റുകൂടിയായി പ്രവർത്തിച്ച   പ്രീത കമീഷൻ ലഭിക്കാതെവന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ വ്യക്തമായത്‌. കിട്ടുന്ന പണം ബാങ്കിൽ അടയ്‌ക്കാതെയാണ് തട്ടിപ്പു നടത്തിയത്.
ജനശ്രീ ജില്ലാ സെക്രട്ടറിയായിരുന്ന കാട്ടൂർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് അയിരൂർ പഞ്ചായത്തിലെ കൈതക്കോടിയിൽ 2010 ഒക്ടോബറിൽ ജനശ്രീ യൂണിറ്റ് രൂപീകരിച്ചത്. പ്രീതാ വിനോദിന്റെ നേതൃത്വത്തിൽ 27 അംഗങ്ങളാണ് ചേർന്നത്. 2014 മുതൽ 2017 വരെ പ്രീതാ വിനോദ് ജില്ലാ ഓഫീസിൽ കൃത്യമായി പണം അടച്ചിരുന്നു. ഈ പണം ബാങ്കിൽ അടച്ചിട്ടില്ലെന്ന്‌ മനസ്സിലായപ്പോൾ നിരവധി തവണ ജനശ്രീയുടെ  ജില്ലാ ഓഫീസിൽ ബന്ധപ്പെട്ടു. അപ്പോൾ കുറച്ചു പണംതിരിച്ചുനൽകി. ഈ കാലയളവിൽ ജില്ലാ സെക്രട്ടറി കാട്ടൂർ അബ്ദുൾ സലാമായിരുന്നു. അടച്ച പണവും കമീഷനും പലിശയും തിരികെ ലഭിക്കണമെന്നും വിശ്വാസവഞ്ചനയ്‌ക്ക്‌ കാട്ടൂർ അബ്ദുൾ സലാമിനും ജനശ്രീ ജില്ലാ നേതൃത്വത്തിനുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ കോയിപ്രം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്‌ പ്രീതാ വിനോദ്‌. 
ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ പേട്ടയിൽ ജനശ്രീ സംഘത്തിന്റെ പേരിൽ അംഗങ്ങൾ അറിയാതെ വായ്പ എടുക്കുകയും അംഗങ്ങൾക്കെതിരെ നിയമ നടപടി ചുണ്ടിക്കാട്ടി ബാങ്കുകളുടെ നോട്ടീസ് ലഭിക്കുകയും ചെയ്തതു സംബന്ധിച്ച് ദേശാഭിമാനിയിൽ വാർത്ത വന്നതിനെ തുടർന്നാണ് മറ്റു പഞ്ചായത്തുകളിൽ നടന്ന തട്ടിപ്പുകളും പുറത്തുവരുന്നത്.
 
 
പ്രധാന വാർത്തകൾ
 Top