12 August Wednesday

റാന്നിക്ക് നാളെ 33 വയസ്സ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

 റാന്നി > തിങ്കളാഴ്ച റാന്നിക്ക് 33 വയസ് തികയും. 1983 ആഗസ്റ്റ്  ഒന്നിനാണ് താലൂക്ക് രൂപീകരിച്ചത്. അതിനു മുമ്പ് കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിന്റെ പരിധിയിലായിരുന്നു റാന്നിയും. വികസനം എത്തിനോക്കാതിരുന്ന റാന്നിയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കിയത് പുതിയ താലൂക്ക് രൂപീകരണത്തോടെയാണ്. താലൂക്കായതോടെ ആസ്ഥാനമായി രാന്നി, പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകള്‍ ഉയര്‍ത്തപ്പെട്ടു. 

മെച്ചപ്പെട്ട യാത്രാ സൌകര്യങ്ങളോ, റോഡുകളോ വൈദ്യുത്യുതിയോ ഇല്ലാത്ത റാന്നിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. റാന്നിയെ രണ്ടായി കീറിമുറിച്ച് ഒഴുകുന്ന പമ്പാ നദി കടക്കാനുള്ള ഏക ആശ്രയം റാന്നി പാലം മാത്രമായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പോലും ഇല്ലാതിരുന്ന റാന്നി സര്‍ക്കാര്‍ ആശുപത്രിയും ഏതാനും ഡിഗ്രി കോഴ്സുകള്‍ മാത്രമുണ്ടായിരുന്ന റാന്നി സെന്റ് തോമസ് കോളേജും മാത്രമായിരുന്നു റാന്നിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. 
എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. പട്ടണങ്ങളില്‍ ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും റാന്നിക്കായി. ഏതുമുക്കിലും മൂലയിലും ഗതാഗതയോഗ്യമായ റോഡുകള്‍ തീര്‍ന്നു. പമ്പാ നദിക്കു കുറുകെത്തന്നെ 5 പാലങ്ങും 3 കോസ് വേകളുമായി. റാന്നി താലൂക്കാശുപത്രിയെ സ്പഷ്യാലിറ്റി കേഡറിലേക്ക് ഉയര്‍ത്തി ചികിത്സ ഉറപ്പാക്കി. എല്ലാ പഞ്ചായത്തുകളിലും ആധൂനിക ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നൂറു ശതമാനം വീടുകളിലും വൈദ്യുതി എത്തി. റാന്നിക്കായി നിരവധി പ്ളസ്ടു സ്കൂളുകള്‍, സര്‍ക്കാര്‍ ഐടിഐ, പോളിടെക്നിക്ക്, സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിങ് കോളേജ് എന്നിവയെല്ലാമായി. സ്വകാര്യ മെഡിക്കല്‍ കോളേജ് വടശേരിക്കരയില്‍ നിര്‍മ്മാണത്തിലുമാണ്. 
റാന്നിക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍, ജോയിന്റ് ആര്‍ടി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍, വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ്, പട്ടികജാതി–പട്ടികവര്‍ഗ്ഗ കോളനികളിലെ സമഗ്ര വികസനം ഇട്ടിയപ്പാറയിലേയും വെച്ചൂച്ചിറയിലേയും സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, കക്കാട്, മണിയാര്‍, അള്ളുങ്കല്‍, കാരികയം, പെരുനാട്, പെരുന്തേനരുവി എന്നിവിടങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ മണിയാര്‍, പെരുന്തേനരുവി ടൂറിസം പദ്ധതികള്‍ എന്നിവയും രാന്നിയുടെ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. 
ജന്മദിനത്തില്‍ റാന്നിക്കാര്‍ക്ക് ഏറെ സന്തോഷിക്കാനുള്ളത് ഇത്തവണത്തെ ബജറ്റാണ്. വ്യവസായങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്ന റാന്നിക്ക് പുതിയ റബര്‍ പാര്‍ക്ക് പ്രഖ്യാപനം ഏറെ പ്രതീക്ഷയേകുന്നു. മറ്റൊന്ന് പുനലൂര്‍–മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പുനരുദ്ധരാണമാണ്. കെഎസ്ടിപി വഴി റോഡ് ദേശീയപാതാ നിലവാരത്തില്‍ ഉയര്‍ത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ വരെ എത്തി നില്‍ക്കുന്നു. റാന്നി ടൌണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പാലം എന്ന ആശയത്തിനും മണ്ണാറക്കുളഞ്ഞി–ചാലക്കയം ശബരിമല പാതയിലെ വടശേരിക്കരയില്‍ പഴയ പാലത്തിന് പകരം വീതിയേറിയ പുതിയ പാലം എന്ന ആശയത്തിനും ബജറ്റില്‍ പച്ചക്കൊടി വീശിയിരിക്കുന്നു. രാജു ഏബ്രഹാം എം എല്‍എയുടെ നേതൃത്വത്തില്‍ 20 വര്‍ഷത്തിലധികമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top