17 January Sunday

അപരനെയിറക്കി, വെട്ടിലായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 ഇരവിപേരൂർ

സ്വതന്ത്രൻ ഭീഷണിയാകമെന്ന് കരുതി എൻഡിഎ സ്ഥാനാർഥിക്ക് അപരനെ നിർത്തി. സ്വതന്ത്രൻ പത്രിക പിൻവലിച്ചത് അപരൻ അറിഞ്ഞില്ല. ഇപ്പോൾ അപരനടക്കം എൻഡിഎക്ക്‌ സ്ഥാനാർഥികൾ രണ്ട്. ഇരവിപേരൂർ പഞ്ചായത്തിലാണ് ബിജെപിക്കാരുടെ അതിബുദ്ധി തിരിച്ചടിയായത്‌. ഒമ്പതാം വാർഡിൽ പള്ളിയോട സേവാസംഘം മുൻ ജോയിന്റ്‌ സെക്രട്ടറി രാഹുൽ രാജ് സ്വതന്ത്രനായി പത്രിക സമർപ്പിച്ചിരുന്നു. രാഹുൽ മത്സരിക്കുന്നത് അയാളുടെ സ്വാധീന മേഖലകളിൽ ബിജെപി സ്ഥാനാർഥി പ്രേംജിത്തിന് ദോഷം ചെയ്യുമെന്ന ചിന്ത നേതൃത്വത്തിനുണ്ടായി. രാഹുലിന് അപരനെ നിർത്താമെന്ന ബുദ്ധി അങ്ങനെ രൂപം കൊണ്ടു. അപരനായി ആർഎസ്എസ് പ്രവർത്തകൻ രാഹുൽ ആർ നായരെ ബിജെപി രംഗത്തിറക്കി. രാഹുൽ രാജ് പത്രിക പിൻവലിച്ച വിവരം ബിജെപിക്കാർ അറിഞ്ഞില്ല. അപരനായ രാഹുൽ ആർ നായർ മത്സരരംഗത്ത് തുടർന്നു.  ശംഖ്‌ ചിഹ്നത്തിൽ സ്വതന്ത്രനായ രാഹുലും, താമര അടയാളത്തിൽ പ്രേംജിത്തും.
ഒൻപതാം വാർഡ് ബിജെപിക്കും എൽഡിഎഫിനും സ്വാധീനമുള്ള വാർഡാണ്. കഴിഞ്ഞ തവണ സിപിഐയിലെ പ്രജിതയാണ്‌ വിജയിച്ചത്‌. ഈ തവണ സിപിഐയിലെ ജിൻസൺ വർഗീസാണ് മത്സരിക്കുന്നത്. ബി ജെപിക്കായി മത്സരിക്കുന്ന പ്രേംജിത്ത് ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. ബോബൻ കണ്ണങ്ങാട്ടിലാണ് കോൺഗ്രസ് സ്ഥാനാർഥി.ജോൺ എം വർഗീസ്, മുരളി എം നായർ എന്നിവരും സ്വതന്ത്രരായി രംഗത്തുണ്ട്. 35 വർഷമായി കോൺഗ്രസ് പ്രവർത്തകനായ മുരളി സീറ്റ് തർക്കത്തെ തുടർന്ന് രാജിവച്ച് സ്വതന്ത്രനായാണ്‌  മത്സരിക്കുന്നത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top