ത്തനംതിട്ട
കളി കാര്യമായെടുത്തവർക്ക് ഒട്ടും നിരാശ തോന്നാത്ത കാലമാണ് എൽഡിഎഫ് സർക്കാർ സമ്മാനിച്ചത്. ഒരു വർഷം 50 പേർക്ക് വീതം സ്പോർട്സ് ക്വാട്ടയിൽ നിയമനം നൽകേണ്ടത് യുഡിഎഫ് സർക്കാർ കാലത്ത് മുടങ്ങിയിരുന്നു. 2010–-14 കാലത്തെ സ്പോർട്സ് ക്വാട്ട നിയമനത്തിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് 195 കായികതാരങ്ങൾക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയമന ഉത്തരവ് നൽകുകയുണ്ടായി.
ജില്ലയിൽനിന്ന് നിയമനം ലഭിച്ചവരിൽ സീതത്തോട് ഞായറുകുളത്ത് വീട്ടിൽ റിട്ട. അധ്യാപകൻ ബേബി ജോസഫിന്റേയും എൽസമ്മയുടെയും മകൾ നീന എലിസബേത്ത് ബേബി, ഓമല്ലൂർ ആറ്റരികം ചാക്കത്തറയിൽ വിശ്വനാഥന്റെയും പുഷ്പയുടെയും മക്കൾ ശ്രീനാഥ്, ശ്രീരാജ് എന്നിവരുൾപ്പെടുന്നു.
ത്രോ ഇനങ്ങളിൽ മികവ് പുലർത്തിയ നീന ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ഹാമർത്രോ എന്നിവയിൽ കഴിവ് തെളിയിച്ചു. 2010 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ നീനയുടെ ഡിസ്കസ് ത്രോ റെക്കാഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. ദേശീയ സ്കൂൾ മീറ്റുകളിൽ കേരളത്തിന്റെ യശസ് ഉയർത്തിയ താരം. കൊൽക്കത്തയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക്ക് മീറ്റിൽ സ്വർണ മെഡൽ നേടിയ ഈ കായിക താരം ജില്ലയുടെയും പ്രത്യേകിച്ച് സീതത്തോടിന്റെയും അഭിമാനമാണ്. കോതമംഗലം എം എ കോളേജിൽനിന്ന് ബികോം, എംകോം ബിരുദങ്ങൾ നേടിയ നീന ഇതേ കോളേജിലെ ഗസ്റ്റ് അധ്യാപികയായി ജോലി നോക്കിവരവെയാണ് സർക്കാർ ഉത്തരവു ലഭിച്ചത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ പഠിച്ച ശ്രീനാഥിന്റെയും അവിടെ തന്നെ ബികോം പഠിച്ച ശ്രീരാജിന്റെയും കായിക ഇനം സോഫ്റ്റ്ബോൾ ആണ്. ഇപ്പോഴും സോഫ്റ്റ്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു. ഫിസിക്കൽ എജ്യൂക്കേഷനിൽ പിഎച്ച്ഡി നേടിയ ശ്രീനാഥ് അധ്യാപകനായിരുന്നു. ശ്രീരാജ് സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ചാണ് സർക്കാരിന്റെ നിയമന ഉത്തരവ് കൈപ്പറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..