12 September Thursday

ഇനി ആടിപ്പാടി 
പഠിക്കാം

ശരൺ ചന്ദ്രൻUpdated: Tuesday May 30, 2023

പ്രവേശനോത്സവത്തിനായി കുമ്പഴ 92 –ാം നമ്പർ അങ്കണവാടി അലങ്കരിക്കുന്ന ജീവനക്കാർ

പത്തനംതിട്ട
പുതിയ അധ്യയന വർഷത്തിലേയ്‌ക്ക്‌ വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ സ്‌കൂളുകൾ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾക്ക്‌ അനുസരിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്‌. സ്‌കൂളുകളിൽ നേരത്തെ തന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചൊവാഴ്‌ച പ്രവർത്തനങ്ങൾ പൂർണമായി പൂർത്തിയാകും.
കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയുടെ സുരക്ഷ, പരിസര ശുചീകരണം, ശദ്ധമായ കുടിവെള്ളം, ഉപകരണങ്ങളുടെ നവീകരണം തുടങ്ങി എല്ലാ കാര്യങ്ങളും സജ്ജമാക്കിയാണ്‌ വിദ്യാർഥികളെ സ്വീകരിക്കാനായി സ്‌കൂളുകൾ ഒരുങ്ങിയിരിക്കുന്നത്‌. ഇത്തവണത്തെ ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്‌ കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചൊവ്വാഴ്ചയാണ് അങ്കണവാടികളിൽ പ്രവേശനോത്സവം.
    സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ സംബന്ധിച്ച പ്രവർത്തനങ്ങൾ നടന്ന്‌ വരികയാണ്‌. ഭൂരിപക്ഷം സ്‌കൂളുകളും ഇതിനോടകം ഫിറ്റ്‌നസ്‌ നേടി. ശേഷിക്കുന്നവയാകട്ടെ അപേക്ഷ നൽകിയിട്ടുണ്ട്‌. രണ്ട്‌ ദിവസത്തിനുള്ളിൽ തന്നെ മുഴുവൻ സ്‌കൂളുകൾക്കും ഫിറ്റ്‌നസ്‌ ലഭിക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. നിർമാണം നടക്കുന്ന സ്‌കൂളുകൾ പകരം കെട്ടിടങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌. ഈ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ്‌ അനിവാര്യമാണ്‌. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കിണറുകൾ, കുടിവെള്ള ടാങ്കുകൾ എന്നിവ ശുചിയാക്കി, പരിസരം വെട്ടിതെളിച്ച്‌ വൃത്തിയാക്കി. മുഴുവൻ സ്‌കൂളുകളിലെയും പാചകപുരകൾ വൃത്തിയാക്കി പാത്രങ്ങൾ കഴുകി ഉണക്കി സൂക്ഷിച്ചു. ശുചിമുറികൾ ഉൾപ്പടെ സ്‌കൂൾ പരിസരം പൂർണമായി ഒരുക്കിയിട്ടുണ്ട്‌. അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും ഇതിനോടകം വെട്ടിമാറ്റി.
    സ്‌കൂൾ വാഹനങ്ങളുടെ പണികൾ പൂർത്തീകരിച്ച്‌ മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്‌. മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും നേരിട്ട്‌ എത്തിയാണ്‌ പരിശോധന നടത്തിയത്‌. പരിശോധനയ്‌ക്കൊപ്പം വിദ്യാ വാഹൻ ആപ്ലിക്കേഷൻ നിർബന്ധമാക്കാനുള്ള നിർദേശവും നൽകുന്നു. പാഠപുസ്‌തകങ്ങളുടെയും സ്‌കൂൾ യൂണിഫോമിന്റെയും വിതരണം പൂർത്തിയായി. ജില്ലയിൽ രണ്ട്‌ ഘട്ടമായി എത്തിയ പാഠപുസ്‌തകങ്ങളുടെ വിതരണം പൂർത്തിയായി. കുടുംബശ്രീ നേതൃത്വത്തിലാണ്‌ പാഠപുസ്‌തകങ്ങളുടെ തരംതിരിയലും വിതരണവും നടന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top