കോന്നി
10 വർഷം യുഡിഎഫിന്റെ കൈയിലിരുന്ന വാർഡ് തിരിച്ചുപിടിച്ചത് വെറുതെയല്ല, ഏതാവശ്യത്തിന് വിളിച്ചാലും വിളിപ്പുറത്താണ് സിന്ധു. അതേ വാർഡിൽ വീണ്ടും ജനവിധി തേടുന്നു. അരുവാപ്പുലം പഞ്ചായത്ത് അഞ്ചാം വാർഡ് കല്ലേലി തോട്ടം എൽഡിഎഫ് സ്ഥാനാർഥി സിന്ധു പി സന്തോഷ് തൊഴിലാളികൾക്കും ആദിവാസി ജനവിഭാഗത്തിനും അത്രമേൽ പ്രിയപ്പെട്ടവൾ.
കഴിഞ്ഞ വർഷങ്ങളിൽ ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിലിന്റെയും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെയും സഹായത്തോടെ നാല് കോടി രൂപയുടെ വികസനമാണ് വാർഡിൽ നടപ്പാക്കിയത്. കല്ലേലി തോട്ടം മേഖലയിൽ 263 വീടുകളും ആവണിപ്പാറ ആദിവാസി കോളനിയിൽ 34 വീടും വയക്കരയിൽ 72 വീടും ഉൾക്കൊള്ളുന്നതാണ് കല്ലേലി തോട്ടം വാർഡ്. എല്ലാ വീടുകളിലും മാസത്തിലൊരിക്കൽ സിന്ധു മെമ്പർ എത്തും. അവണിപ്പാറ ആദിവാസി കോളനിയിലും മാസത്തിലൊരിക്കൽ മെമ്പറെ കാണാം. ഒറ്റയ്ക്ക് സ്കൂട്ടർ ഓടിച്ചാണ് 25 കിലോമീറ്ററോളം ദൂരമുള്ള ആദിവാസി കോളനിയിലെത്തുന്നത്. എല്ലാ വീടുകളും സന്ദർശിക്കുക മാത്രമല്ല ജനങ്ങളുടെ എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നടത്തും. ആവണിപ്പാറയിൽ വൈദ്യുതിയെത്തിക്കുന്നതിനും ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പoന സൗകര്യമൊരുക്കാനും എംഎൽഎക്കൊപ്പം സിന്ധുവും ഉണ്ടായിരുന്നു. തോട്ടം തൊഴിലാളികളായ കല്ലേലി പങ്കജാക്ഷൻ പിള്ളയുടെയും ഉഷാകുമാരിയുടെയും ഇളയ മകളാണ്. സിപിഐ എം കല്ലലി തോട്ടം ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ കോന്നി ഏരിയ ജോയിന്റ് സെക്രട്ടറി, തോട്ടം തൊഴിലാളി യൂണിയൻ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭർത്താവ്: സന്തോഷ് കുമാർ .മക്കൾ: സന്ദീപ്, സംഗീത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..