21 October Wednesday

നാടുകാക്കാൻ "സഖാവ്’’ നീരണിഞ്ഞു

ടി എ റെജി കുമാർUpdated: Tuesday Sep 29, 2020

സിപിഐ എം മലയിത്ര ബ്രാഞ്ച് പണി കഴിപ്പിച്ച വള്ളം മാത്യു ടി തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ നീറ്റിലിറക്കുന്നു

 
തിരുവല്ല> മലയിത്ര - നദിയാൽ ചുറ്റപ്പെട്ട പ്രദേശം...   2018ൽ മഹാപ്രളയത്തിൽ ജലനിരപ്പേറി വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചവർ..  കുട്ടികൾ, വൃദ്ധർ, കിടപ്പു രോഗികൾ, സ്ത്രീകൾ.... വീടിനുള്ളിൽ കുടുങ്ങിപ്പോയവരെ കരക്കെത്തിക്കാൻ പ്രയാസപ്പെട്ട ഗ്രാമം. 
 
ചെറുപ്പക്കാർ സംഘടിച്ച്   വാഴപ്പിണ്ടി വെട്ടിയും ട്യൂബുകളിൽ കാറ്റ് നിറച്ച് അതിന് മുകളിൽ പലക നിരത്തിയും അന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രമകരമായിരുന്നു. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ കരക്കെത്തിക്കാൻ കഴിഞ്ഞു. പക്ഷേ വർഷങ്ങളുടെ സമ്പാദ്യങ്ങളെല്ലാം വീടിനുള്ളിൽ വെള്ളം കയറി നശിച്ചു.
 
ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ നാനാജാതി മതസ്ഥർ ഒന്നിച്ച് ഓണസദ്യ ഒരുക്കി.  മിച്ചം വന്നത്‌ 13,500 രൂപ. ആ നാട് അന്ന് തീരുമാനിച്ചു. ഇനി ഒരു പ്രളയം വന്നാൽ അതിനെ അതിജീവിക്കാൻ നമുക്ക് വള്ളം വേണം. നാട് ഒരുമിച്ചു. മലയിത്ര ജനകീയ വായനശാല, നാട്ടുകാർ, പ്രളയബാധിതർ.... സിപിഐ എം മലയിത്ര ബ്രാഞ്ച് നേതൃത്വം നൽകി. ഒരു ലക്ഷം രൂപയോളം സമാഹരിച്ചു. മുഹമ്മയിൽ സാജൻ വള്ളം നിർമിച്ചു നൽകി. ഞായറാഴ്ച രാവിലെ 9.30ന് അഡ്വ.മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ മണിമലയാറിന്റെ കൈവഴിയിൽ പുല്ലംപ്ലാവിൽ കടവിൽ ജനം സാക്ഷിയായി വള്ളം നീറ്റിലിറങ്ങി. 
 
നാട് പേരിട്ടു "സഖാവ്’.  ഇനി ഒരു പ്രളയമുണ്ടായാൽ അതിജീവിക്കാൻ.... ഒരു നാടിന്റെ ഒരുമയുടെ പ്രതീകമായി ആ വള്ളം നീറ്റിലിറങ്ങിയപ്പോൾ സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി ജി കുഞ്ഞുമോൻ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, ഏരിയ കമ്മിറ്റിയംഗം കെ ബാലചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ ദിനേശ്, വിനീത്, അഭി, പി ടി രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top