24 August Saturday

പുതിയ പാഠ്യപദ്ധതി ശാസ്ത്രബോധം വളർത്തും: മന്ത്രി സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

സർവീസിൽനിന്ന് വിരമിക്കുന്ന എസ്എസ്കെ ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. ആർ വിജയമോഹനന് മന്ത്രി സി രവീന്ദ്രനാഥ് ഉപഹാരം നൽകുന്നു

 തിരുവല്ല

യുക്തികൊണ്ട് അന്വേഷിക്കുമ്പോൾ ഇതുവരെ ചിന്തിച്ചത് പലതും തെറ്റാണെന്നും പുതിയ ഘടനയുണ്ടെന്നും തിരിച്ചറിയുന്ന ശാസ്ത്രബോധം വളർത്തുകയാണ്  പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഒരുവർഷത്തിനുള്ളിൽ വിദ്യാഭ്യാസ മേഖലയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള തിരുവല്ലയിൽ സംഘടിപ്പിച്ച  വിദ്യാഭ്യാസ സമ്മേളനത്തിൽ നിർവഹണ പദ്ധതി രേഖയുടെ പ്രകാശനവും ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. ആർ വിജയമോഹനന്റെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
പഴയ വിദ്യാഭ്യാസം പരീക്ഷ എഴുതാനും എപ്ലസ് നേടാനും മാത്രമായി തലച്ചോറിനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ശാസ്ത്രബോധം ഉപയോഗിച്ച് മനസിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നതാണ് പുതിയ പാഠ്യപദ്ധതി. ഇവിടെ പാഠ്യപദ്ധതിക്കാണ് പ്രാധാന്യം. എങ്ങനെ പഠിപ്പിക്കുന്നു എന്നതാണ് പ്രധാനം. സമൂഹം പ്രതീക്ഷിക്കുന്നത് അധ്യാപകരിൽനിന്നാണ്. വിദ്യാഭ്യാസ പ്രക്രിയയിൽ നല്ല തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ എല്ലാവരും കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല കൊമ്പാടി എഎംഎം ബൈബിൾ ഇൻസ്റ്റിട്ട്യൂട്ട് ക്യാമ്പസിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി അധ്യക്ഷയായി.  സമഗ്രശിക്ഷാ കേരള പ്രൊജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ ജെ ഹരികുമാർ നന്ദിയും പറഞ്ഞു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ സാം ഈപ്പൻ, എസ് വി സുബിൻ, പി എ ശാന്തമ്മ, എം പി ഗോപാലകൃഷ്ണൻ, പത്തനംതിട്ട ഡയറ്റ് പ്രിൻസിപ്പൽ പി ലാലിക്കുട്ടി, എഇഒ പ്രതിനിധി പി ഡി രഘുപ്രസാദ്, വിപിഒ പ്രതിനിധി കെ എൽ ശ്രീകുമാർ, കൈറ്റ് ജില്ലാ കോഡിനേറ്റർ സോണി പീറ്റർ എന്നിവർ സംസാരിച്ചു. ഡോ. ആർ വിജയമോഹനൻ മറുപടി പ്രസംഗം നടത്തി. രാവിലെ നടത്തിയ വാർഷിക നിർവഹണ പദ്ധതി അവതരണ യോഗത്തിൽ സ്റ്റേറ്റ് പ്രൊജക്ടർ ജിമ്മി കെ ജോസ് അധ്യക്ഷനായി. വിദ്യാഭ്യാസ സെമിനാറിൽ നിയമസഭാ സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ. പി ജെ വിൻസെന്റ് വിഷയാവതരണം നടത്തി. രാജൻ ഡി ബോസ്, പി അബ്ദുൾകരീം, കെ സന്തോഷ്കുമാർ, സി മോഹനൻ, എൻ ടി ശിവരാമൻ, എസ് രാജേഷ് എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top