16 July Thursday
കോന്നിയിലെ വനംകൊള്ള

10 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 കോന്നി  

കോന്നി വനം ഡിവിഷനിലെ പാടം,കരിപ്പാൻതോട് ഫോറസ്റ്റ്സ്റ്റേഷൻ പരിധിയിൽ നിന്നും വനപാലകരുടെ ഒത്താശയോടെ തേക്കുതടി മുറിച്ച് കടത്തിയ സംഭവത്തിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കം ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കേശവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ് ഫസലുദീൻ, കരിപ്പാൻതോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും നിലവിൽ റാന്നി റേഞ്ച് ഓഫീസറുമായ എസ് രാജേഷ്, നടുവത്തുംമൂഴി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സോമൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി ജയമോഹൻ, എ സെയ്ദ് യൂസഫ്, കെ അരുൺകുമാർ, ആർ അജയകുമാർ, ബീന മാത്യു, എസ് എസ് സൗമ്യ, ട്രൈബൽ വാച്ചർ വി ആർ രാജൻ എന്നിവരെയാണ് സസ്‌പെൻഡ്‌ ചെയ്തത്. മാർച്ച് 20നാണ് തേക്ക് തടി മുറിച്ച് കടത്തിയത്. കടയിൽ നിന്ന് പ്രത്യേകം വാങ്ങിയ വിറകിൻ ചുള്ളി പിക് വാനിൽ ഇത് വിറകിൻ്റെ രൂപത്തിൽ കെട്ടുകളായി അടുക്കി അതിനുള്ളിൽ തേക്കുതടി ഒളിപ്പിച്ച് നാല് പ്രാവശ്യമായി ചെക്പോസ്റ്റ് വഴി കടത്തുകയായിരുന്നു.  കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലെ തടി മില്ലിൽ ഇത് ഇറക്കി. തടിയും പിക്അപ് വാനും പിടിച്ചെടുത്തിട്ടുണ്ട്.കടയിൽ നിന്ന് വാങ്ങിയ റബർ വിറക്‌ ഉപയോഗിച്ച് കൃത്യം നടത്തിയതിന് ശേഷം തിരികെ കടയിൽ എത്തിക്കുകയും ചെയ്തു. സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫയർ വാച്ചർക്കും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞു.വനംവകുപ്പ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പുനലൂർ ഫ്ലൈയിങ്‌ സ്‌ക്വാഡ് ഫോറസ്റ്റ് ഓഫീസർ അന്വേഷണം  നടത്തുകയും  ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പൾസർ ബൈക്ക് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top