10 August Monday
ചെക്ക് പോസ്റ്റിൽ കുടുങ്ങി

യുവതികൾക്ക് വീണാ ജോർജ് രക്ഷകയായി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 കോഴഞ്ചേരി

അർധരാത്രി വാളയാറിൽ അകപ്പെട്ട യുവതികൾക്ക് വീണാ ജോർജ് എംഎൽഎ രക്ഷകയായി. ആറൻമുള, തൃശൂർ സ്വദേശിനികളായ രണ്ടു പേരെയാണ് മലമ്പുഴ ഗസ്റ്റ് ഹൗസിൽ എത്തിച്ചത്. കർണ്ണാടകയിലെ മാളൂരിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ കെമിസ്റ്റുകളാണ് ഇരുവരും. രാത്രി ഒരു മണിയോടെയാണ് പാലക്കാട്  കലക്ടർ അയച്ച ആംബുലൻസിൽ വാളയാറിൽ നിന്നും ഗസ്റ്റു ഹൗസിൽ കൊണ്ടുവന്നത്.
മാളൂർ ഇൻഡസ്ട്രിയൽ ഏരിയായിലാണ് ഇവർ താമസിച്ചിരുന്നത്.ലോക് ഡൗണിനെ തുടർന്ന് ഭക്ഷണം  ലഭിക്കാതായി. ശേഖരിച്ചു വച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ തീർന്നു. ആവശ്യത്തിന് വാങ്ങാൻ പുറത്തിറങ്ങിയാൽ പൊലീസിന്റെ ചൂരലുകൊണ്ടുള്ള അടിയേൽക്കണ്ടി വരും. ദിവസങ്ങളോളം പട്ടിണി കിടക്കണ്ടി വരുമെന്ന  സാഹചര്യത്തിലാണ് ഇവർ ടാക്സിയിൽ  കേരളത്തിലേയ്ക്ക് തിരിച്ചത്. വാളയാറിൽ എത്തിയതോടെ ചെക്ക് പോസ്റ്റിൽ ടാക്സി തടഞ്ഞു. രാത്രി 12.05 ന് ആറൻമുള സ്വദേശിനി വീണാ ജോർജ് എം എൽഎയെ ഫോണിൽവിളിച്ചു. ഫോണെടുത്ത എംഎൽഎ കരയണ്ടന്നും പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞ് ഇരുവരെയും ആശ്വസിപ്പിച്ചു. ഫോൺ ചെക്ക് പോസ്റ്റിലുള്ള പൊലീസുകാർക്ക് കൈമാറാൻ ആവശ്യപ്പെട്ടു. പൊലീസിനോട് യുവതികളെ തിരിച്ചയക്കരുതെന്നും സുരക്ഷിതരായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും പാലക്കാട് കലക്ടറേയും വിളിച്ചു. വീണാ ജോർജിൽ നിന്നും വിവരമറിഞ്ഞ അതേ സമയം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ്  പാലക്കാട് കലക്ടർക്ക് നിർദ്ദേശം നൽകി.  ഒരു മണിയോടെ  മലമ്പുഴ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച മെഡിക്കൽ സംഘം ഇരുവരെയും പരിശോധിച്ചിരുന്നു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top