മല്ലപ്പള്ളി
കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ മത്സരപടയണി സമാപിച്ചു. ഞായറാഴ്ച ഇരുകരക്കാരും പുലവൃത്തം തുള്ളി പിരിയും. ശനിയാഴ്ച കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണി നടന്നു.
101 പാള ഭൈരവി കോലം കളത്തിലെത്തി. തുടർന്ന് 16, 32, 64 പാള ഭൈരവികൾ, അരക്കി യക്ഷി, സുന്ദര യക്ഷി, മറുത, കൂട്ട മറുത, പക്ഷി എന്നീ കോലങ്ങളും തുള്ളിയൊഴിഞ്ഞു. തുടർന്ന് കാലൻ കോലം കളത്തിൽ എത്തി. സൂപ്പർസ്റ്റാർ വേലു എന്നറിയപ്പെടുന്ന പോത്തിന്റെ പുറത്തേറിയാണ് കാലൻ കോലം എത്തിയത്. ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുല വൃത്തം തുള്ളി 28 പടയണിക്ക് ശുഭ പര്യവസാനം കുറിക്കും.
എംഎൽഎ,ആർ ഡി ഒ എന്നിവരുടെ സാന്നിധ്യത്തിൽ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന പടയണി ഏകോപന സമിതി യോഗം മല്ലപ്പള്ളി തഹസിൽദാരെ പടയണി ഏകോപന ചുമതലയുള്ള നോഡൽ ഓഫീസറായി നിയമിച്ചിരുന്നു.
പടയണിയുടെ സുഗമമായ നടത്തിപ്പിന് ശ്രീദേവി വിലാസം പടയണി സംഘം കുളത്തൂർ, ശ്രീഭദ്ര പടയണി സംഘം കോട്ടാങ്ങൽ, ശ്രീ മഹാ ഭദ്രകാളി ക്ഷേത്രം ഭരണസമിതി( കോട്ടാങ്ങൽ ദേവസ്വം ), വിവിധ സർക്കാർ വകുപ്പുകൾ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..