പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വീണ്ടും പേയ്മെന്റ് സീറ്റ് വിവാദം. റാന്നി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെയാണ് ആരോപണം. ഇവിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് സീറ്റ്. എന്നാൽ മത്സരിക്കുന്നത് നോമിനേഷന് തലേദിവസം വരെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നയാൾ. റാന്നി പഴവങ്ങാടിക്കര സഹകരണ ബാങ്കിൽ കോൺഗ്രസ് പാനലിൽ മത്സരിച്ച് വിജയിച്ചയാളുമാണ്. കോഴഞ്ചേരി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിത്വവും പേയ്മെന്റ് സീറ്റാണെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഈ സംഭവവും.
റാന്നിയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിയും ഡിസിസി ജനറൽ സെക്രട്ടറിയുമാണ് കച്ചവടത്തിന് ഇടനിലക്കാരായത് എന്നാണ് ആക്ഷേപം. ജില്ലക്കാരായ രണ്ട് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഉന്നതാധികാര സമിതിയംഗങ്ങളും ജില്ലാ പ്രസിഡന്റും ഒപ്പം ചേർന്നു. ഇതിൽ തിരുവല്ല താലൂക്കുകാരനായ ഉന്നതാധികാര സമിതിയംഗവും ജില്ലാ പ്രസിഡന്റും സ്ഥാനാർഥിയുടെ ബന്ധുക്കളായതിനാൽ ഡീൽ ഉറപ്പിക്കാൻ ഏളുപ്പമായെന്നാണ് റാന്നിക്കാരായ കേരള കോൺഗ്രസുകാരും കോൺഗ്രസുകാരും പറയുന്നത്.
അന്തരിച്ച മുൻ എംഎൽഎയുടെ കുടുംബക്കാരനായ സ്ഥാനാർഥിക്കായി ആ കുടുംബത്തിലെ ചിലരും ഇടപെട്ടുവത്രേ. ഒരു പ്രമുഖ ഗ്യാസ് ഏജൻസിയുടെ പാർട്ണർ കൂടിയായ സ്ഥാനാർഥിക്ക് ഗൾഫ് മലയാളിയായ മറ്റൊരു പാർട്ണറും ഇടപാടുകാർക്ക് മധ്യസ്ഥനായി.
സംഭവം പുറത്തായതോടെ റാന്നി ഡിവിഷനിലെ പരമ്പരാഗത കേരള കോൺഗ്രസുകാരെല്ലാം കലിപ്പിലാണ്. കോൺഗ്രസുകാരനായ സ്ഥാനാർഥി പി ജെ ജോസഫിന്റെ തൊടുപുഴയിലെ വീട്ടിലെത്തി മുഖം കാണിച്ചതു മാത്രമാണ് കേരളാ കോൺഗ്രസുമായുള്ള ബന്ധമെന്നും അവർ പറയുന്നു.
അതിനിടെ കോൺഗ്രസ് റിബലായി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിൽ മത്സരിക്കുന്നുണ്ട്. റിബലായതിന്റെ പേരിൽ ബെന്നിയെ ആറ് വർഷത്തേക്ക് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ പാർടി സ്ഥാനത്തിരുന്ന് കേരള കോൺഗ്രസ് ലേബലിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എന്തുകൊണ്ട് നടപടിയില്ല എന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിൽ ഉയരാൻ പോകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..