18 February Monday

പത്തനംതിട്ട– കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ കൂടുന്നു; പരിഹാരം കാണാതെ അധികൃതര്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2015

 

 
 
പത്തനംതിട്ട > പത്തനംതിട്ട– കൈപ്പട്ടൂര്‍ റോഡില്‍ വാഹന അപകടങ്ങള്‍ അനുദിനം കൂടുമ്പോഴും ഇതിന് പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ കാര്യമായ നടപടിയെടുക്കിന്നില്ല. വഹാനങ്ങളുടെ അമിത വേഗം കുറയ്ക്കുന്നതിനും വളവുകള്‍ അറിയിച്ചു കൊണ്ടുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു.
പ്രത്യേകിച്ച് ശബരിമല സീസണ്‍ ആയതിനെ തുടര്‍ന്ന് ഇടതടവില്ലാതെയാണ് വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നത്. പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന്‍ മുതല്‍ കൈപ്പട്ടൂര്‍ വരെയും ഇവിടെനിന്ന് അടൂര്‍, പന്തളം വരെയുമുള്ള റോഡുകള്‍ മികച്ച നിലവാരത്തിലുള്ള രീതിയിലാണ് ടാര്‍ ചെയ്തിരിക്കുന്നത്. ഇതിനാല്‍ വാഹനങ്ങളുടെ വേഗവും നിയന്ത്രിച്ചതിലും അപ്പുറമാണ്. ഇതിനനുസരിച്ചുള്ള വീതി റോഡിനില്ല എന്നത് വകവെയ്ക്കായെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. പന്തളം– അടൂര്‍ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ എത്തുമ്പോഴേക്കും പത്തനംതിട്ട– കൈപ്പട്ടൂര്‍ റോഡില്‍ തിരക്ക് കൂടുകയാണ്. കൈപ്പട്ടൂര്‍– പത്തനംതിട്ട റോഡിലേക്ക് പ്രവേശിക്കുന്ന ചെറു റോഡുകളുമുണ്ട്. 
 
ഏറ്റവുമധികം വേഗതയില്‍ പോകുന്നത് ടിപ്പറുകളും ടണ്‍കണക്കിന് ഭാരം കയറ്റിയ വലിയ ലോറികളുമാണ്. ചെറുവാഹനങ്ങളെയോ എതിരേ വരുന്ന വാഹനങ്ങളെയോ ഇതിന്റെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാറില്ല. ഈ റോഡിന്റെ ചില ഭാഗങ്ങളില്‍ വലിയ വളവുകളുമുണ്ട്. പത്തനംതിട്ടയില്‍ നിന്ന് വിട്ടാല്‍ ഷട്ടര്‍മുക്ക് വരെ റോഡ് ഒരേ രീതിയിലാണ് പോകുന്നത്. ഇതിനിടെയുള്ള വലിയ വളവുകള്‍ ശ്രദ്ധിക്കാതെ പോകുന്നതും മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതും നിരന്തരം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഷട്ടര്‍മുക്ക്, പുത്തന്‍പീടിക, കൈപ്പട്ടൂര്‍ പാലം എന്നീ വളവുള്ള ഇടങ്ങളില്‍ അപകടം പതിവാകുകയാണ്. ക്ഷേത്രം ജങ്ഷന്‍, കുരിശടി ജങ്ഷന്‍, മിലിട്ടറി കാന്റീന്‍, മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവിടങ്ങളും അപകട മേഖലയാണ്. റോഡിന് ഇരുവശങ്ങളിലുള്ള വഴിയോര കച്ചവടവും അപകടങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയാണ് ഉണ്ടാക്കുന്നത്.
ഒരാഴ്ചയ്ക്കിടെ രണ്ട് അപകടമാണ് ഈ റോഡില്‍ തുടര്‍ച്ചയായി ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച, നിയന്ത്രണം വിട്ട ടിപ്പര്‍ലോറി കൈപ്പട്ടൂര്‍ പാലത്തിനടുത്ത് ഇടിച്ചു തകര്‍ത്തത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷകളാണ്. 12 പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്, കുരിശടിക്ക് സമീപം ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. 11 കെവി പോസ്റ്റ് രണ്ടായി ഒടിഞ്ഞെങ്കിലും ലൈനില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇത്തരം അപകടങ്ങള്‍ പതിവാകുമ്പോഴും വാഹനങ്ങളുടെ വേഗത നിയണ്രത്തിനോ ദിശാ സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ നടപടിയെടുക്കുന്നില്ല. വളവുകളില്‍ ഹമ്പുകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്.
പ്രധാന വാർത്തകൾ
 Top