അടൂർ
സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കാൻ പത്തനംതിട്ട ഡിസിസി നേതൃത്വം പണം വാങ്ങിയ ശേഷം കൈവിട്ട കോൺഗ്രസുകാരും റിബലായി. ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്ഥാനാർഥികൾക്ക് വേണ്ടിയാണ് കോൺഗ്രസുകാരെ പിൻതള്ളിയത്.ബോർഡും ബാനറും പോസ്റ്ററും അഭ്യർഥനയും അടിച്ച് നാടാകെ പ്രചാരണം നടത്തിയ ശേഷമാണ് സ്ഥാനാർഥികളെ മാറ്റിയത്. ചിഹ്നത്തിന് 5000 രൂപയും വീക്ഷണം വരിസംഖ്യ 1500 ഉം ചേർത്ത് ഓരോ സ്ഥാനാർഥിയിൽ നിന്ന് 6500 രൂപ വീതമാണ് വാങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിക്ക് അനുവദിച്ച ചിഹ്നം പിൻവലിക്കാൻ എത്തിയ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ് വരണാധികാരിയുടെ കൈയിലിരുന്ന രേഖകൾ പിടിച്ചു വാങ്ങി നശിപ്പിച്ചിരുന്നു.ഇതിന് അടൂർ പൊലീസ് കേസുമെടുത്തു.
പള്ളിക്കൽ പഞ്ചായത്ത് പഴകുളം ഏഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഷീനാ ഫാത്തിമക്കാണ് ആദ്യം ചിഹ്നം അനുവദിച്ചത്.ഇവിടെ ലീഗ് സ്ഥാനാർഥി ഷീനാ പടിഞ്ഞാറേക്കരയാണ്. ഏഴംകുളം പഞ്ചായത്ത്
ഏനാത്ത് ടൗൺ 12ാം വാർഡ്കോൺഗ്രസ് സ്ഥാനാർഥി നവാസായിരുന്നു.
അതാണ് കേരള കോൺഗ്രസ് ജെ സ്ഥാനാർഥി ജോബിക്ക് കൊടുത്തത്. സ്ഥാനാർഥികളെല്ലാം കൈപ്പത്തി ചിഹ്നം വച്ച് ബോർഡുകൾ സ്ഥാപിച്ച് പ്രചാരണം നടത്തിയിരുന്നു. അവരല്ലാം വിമതരായി മൽസരിക്കുന്നു. ബോർഡുകളിൽ നിന്നും കൈപ്പത്തി ചിഹ്നം മാറ്റി ഷീനാ ഫാത്തിമ അലമാര ചിഹ്നവും നവാസ് ഓട്ടോറിക്ഷ ചിഹ്നവും ഒട്ടിച്ചു.ഏഴംകുളം പ്ലാന്റേഷൻ മുക്ക് 5ാം വാർഡിൽ ബീനാ ബാബുജൻ സിറ്റിങ് മെമ്പറാണ്. അവരെയാണ് മാറ്റിയത്.ഇവിടെ ലീഗ് സ്ഥാനാർഥി ഷൈജു ഇസ്മയിലാണ്. ഡിസിസി പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറ സ്ഥാനം രാജിവച്ചിരുന്നു. തർക്കമുണ്ടായ വാർഡുകളിൽ സ്ഥാനാർഥിയാക്കിയവരിൽ നിന്നും നല്ലൊരു തുക വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..